ദക്ഷിണധ്രുവം തൊടാന്‍ രണ്ടാം ചാന്ദ്രദൗത്യം

Thursday 13 June 2019 3:20 am IST
ചാന്ദ്രയാന്‍-ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു പരീക്ഷിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

ബെംഗളൂരു: ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തില്‍ പുതിയ ചരിത്രം പിറക്കും. ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്ന നിമിഷമാണത്. സെപ്തംബര്‍ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 3.8 ടണ്‍ ഭാരമുളള ഉപഗ്രഹം 800 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചാന്ദ്രയാന്‍ 2. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ രണ്ട് റോവര്‍ ഇറങ്ങുക. ഇതു വിജയകരമായാല്‍ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ചാന്ദ്രയാന്‍-ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു പരീക്ഷിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. 

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക് -3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്തംബര്‍ ആറിന് ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന റോവര്‍, ചന്ദ്രനിലെ ജലത്തിന്റെയും ഹീലിയത്തിന്റെയും അളവുകള്‍ ഉള്‍പ്പെടെ രാസഘടകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും.

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്. ഇതിനു മുമ്പ് അമേരിക്ക, റഷ്യ, ജപ്പാന്‍ ചൈന രാജ്യങ്ങള്‍ മാത്രമേ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളൂ. 

ലാന്‍ഡിങ്ങിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്  വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രയാന്‍ റോവറിന്റെ പേര് പ്രജ്ഞാന്‍ എന്നാണ്. ജൂണ്‍ 19ന് ബെംഗളൂരുവില്‍ നിന്ന് ഉപഗ്രഹവും മറ്റും  ശ്രീഹരിക്കോട്ടയിലേക്ക് കൊണ്ടുപോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.