ഇടത് നവോത്ഥാനം 'മണ്ണാങ്കട്ട'

Thursday 13 June 2019 3:53 am IST

ശബരിമലയിലെ ആചാരലംഘനത്തിന് കലാപം വരെ നടത്താന്‍ തയ്യാറായതാണ് ഇടതുസര്‍ക്കാര്‍. ആചാരം ലംഘിക്കാനുള്ളതാണെന്ന് ആവര്‍ത്തിച്ച് പ്രസ്താവിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. നവോത്ഥാനമാണ് ഇടതു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചവര്‍ അതിനായി വനിതാമതിലും നിര്‍മ്മിച്ച് കൊട്ടിഘോഷിച്ചു. അത് കഴിഞ്ഞ് ആറുമാസം പിന്നിട്ടതേയുള്ളൂ. അതിനകം ഇടതുപക്ഷം ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ശാന്തിനിയമനം സംബന്ധിച്ച വിജ്ഞാപനം പിന്തിരിപ്പനും പ്രതിലോമപരവുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ മലയാള ബ്രാഹ്മണരാകണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം വിജ്ഞാപനം. ഹിന്ദുസമൂഹത്തില്‍ അര്‍ഹരായ ആര്‍ക്കും ക്ഷേത്ര പൂജകള്‍ ചെയ്യാന്‍ അവകാശമുണ്ട്. പകരം ജാതി വിലക്കുകള്‍ കൊണ്ടുവരുന്നത് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ തടയുന്നതാണെന്നതില്‍ സംശയമില്ല.

പൂജാദികര്‍മങ്ങള്‍ പഠിച്ച, ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും ജാതി പരിഗണനയില്ലാതെ പൂജ ചെയ്യാമെന്ന് 2002ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. ഹിന്ദുസമൂഹം ഈ വിധി സ്വാഗതം ചെയ്യുകയും ഇത് പ്രകാരം പലയിടത്തും പൂജാരികള്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. നാവോത്ഥാന കേരളത്തിന്റെ ചരിത്രമായി മാറിയ ഈ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം. 2002ല്‍ വന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ 2014വരെ വൈകിച്ച ഭരണക്കാര്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച 2018ലെ വിധി നടപ്പാക്കാന്‍ കാട്ടിയ ധൃതി ഇരട്ടത്താപ്പാണ്. സര്‍ക്കാര്‍ ഹിന്ദുസമൂഹത്തെ ജാതിയുടെ പേരില്‍ വിഭജിക്കാന്‍ നടത്തുന്ന ശ്രമമാണിത്. ഒരുവശത്ത് നവോത്ഥാനവും ജാതിരഹിത സമൂഹവും പറയുന്നവരാണിത് ചെയ്യുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും ജാതി നോക്കാതെ പൂജ ചെയ്യാന്‍ അവസരം ഉണ്ടാക്കണം. യുവതീ പ്രവേശനം വ്യക്തിപരമായ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയം അങ്ങനെയല്ല.

ചേന്നമംഗലം കൊട്ടാരത്തില്‍ ചേര്‍ന്ന കേരളത്തിലെ സനാതനികളായ ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടല്ല, മറിച്ച് കര്‍മം കൊണ്ടാണ് ബ്രാഹ്മണ്യമെന്നും അത് ആര്‍ക്കും ആര്‍ജിക്കാവുന്നതാണെന്നും അങ്ങനെ ആര്‍ജിക്കുന്ന ബ്രാഹ്മണ്യം ക്ഷേത്ര കര്‍മങ്ങള്‍ക്ക് ഉള്‍പ്പെടെ മതിയാകുമെന്നും സമ്മതിച്ച്, അത് വിളംബരം ചെയ്യുവാന്‍ തീരുമാനിച്ചിരുന്നു. താന്ത്രികാചാര്യന്‍ പി. മാധവജി ആയിരുന്നു അതിന്റെ പ്രേരക ശക്തിയും മുഖ്യ സംഘാടകനും. പാലിയം വിളംബരമെന്ന പേരില്‍ അതേറെ ചര്‍ച്ചചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. 

1993ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തി നിയമന പരീക്ഷയില്‍ മുപ്പത്തൊന്നാം റാങ്കുകാരനായിരുന്ന കെ.എസ്. രാകേഷിന്റെ ശാന്തിനിയമനം ഏറെ നിയമപോരാട്ടത്തിന് വഴിവച്ചിരുന്നു. കാരണം രാകേഷ് ഈഴവനായതുകൊണ്ടാണ്. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ 1995 ഡിസംബര്‍ 4ന് കേരള ഹൈക്കോടതി കെ.എസ്. രാകേഷിന്റെ നിയമനം അംഗീകരിച്ചു. നിയമപോരാട്ടം തുടര്‍ന്ന് കേസ് സുപ്രീംകോടതിയിലെത്തി. ഒടുവില്‍ 2002 ഒക്‌ടോബര്‍ 3ന് പരമോന്നത കോടതി ഹിന്ദു ധര്‍മശാസ്ത്രങ്ങളും പല കോടതി വിധികളും എല്ലാം പരിശോധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചു. 'പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷിന് ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അവകാശമുണ്ട്.'

പറവൂര്‍ രാകേഷ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രി കൂടിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആദ്യ ശാന്തിക്കാരനായിരുന്നു തൃശൂര്‍ സ്വദേശി യദുകൃഷ്ണന്‍. ശാന്തി നിയമന പരീക്ഷയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയാണ് യദു ചരിത്രം തിരുത്തിക്കുറിക്കുന്നത്. പറവൂരിലെ ശ്രീ ഗുരുദേവ വൈദിക പീഠത്തില്‍ അനിരുദ്ധന്‍ തന്ത്രിയുടെ ശിഷ്യനായി യദു എത്തിയത്. 967 പേര്‍ എഴുതിയ പരീക്ഷയില്‍ 62 പേരെയാണ് നിയമനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ യദു ഉള്‍പ്പെടെ 5 പട്ടികജാതി വിഭാഗക്കാരടക്കം 30 പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരും സ്ഥാനം നേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറ മഹാദേവ ക്ഷേത്രത്തിലാണ് യദുകൃഷ്ണന്റെ ആദ്യ നിയമനം. പരമോന്നത കോടതി വിധികളും കീഴ്‌വഴക്കങ്ങളും നിലനില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ വിജ്ഞാപനം വെറും മണ്ണാങ്കട്ടയാണ്. കാപട്യം നിറഞ്ഞ കമ്യൂണിസത്തിന്റെ നഗ്നചിത്രം കൂടിയായ ഈ വിജ്ഞാപനം പിന്‍വലിച്ച് സാമൂഹ്യനീതി നടപ്പാക്കുകയാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.