പാലാഴിയുടെ ദാനമായി അമൃതകുംഭം

Thursday 13 June 2019 4:55 am IST

പാലാഴി മഥനത്തിനിടെ ജ്യേഷ്ഠ എന്നൊരു ദുര്‍ദേവത ഉദ്ഭവിച്ചു. അമംഗളസ്ഥാനങ്ങളിരിക്കാനായി അവളെ മൂര്‍ത്തിത്രയം പറഞ്ഞയച്ചു. തുടര്‍ന്ന് ഐരാവതം, ഉച്ചൈശ്രവസ്സ്, കല്പവൃക്ഷം, ചിന്താമണി, കൗസ്തുഭം, ചന്ദ്രന്‍, അപ്‌സരസ്സുകള്‍,സ്വര്‍വാരവധുക്കള്‍, മഹാലക്ഷ്മി, താര, രുമ മുതലായ സുന്ദരതരുണീമണികള്‍ ഇങ്ങനെ പല ദിവ്യവിഭവങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ അമൃതപൂര്‍ണകുംഭവുമായി ശ്രീധന്വന്തരിയും ഉയര്‍ന്നു വന്നു. 

പക്ഷേ  അമൃതകുംഭം തട്ടിയെടുത്ത്  സൈംഹികേയന്‍ എന്ന ദൈത്യമായാവി പാതാളത്തിലേക്ക് കടന്നു. പാലാഴിയില്‍ നിന്നു ലഭിച്ച മറ്റു ദിവ്യവസ്തുക്കള്‍ പങ്കിട്ടെടുക്കുന്ന തിരക്കില്‍ ഇന്ദ്രാദികള്‍ അതു ശ്രദ്ധിച്ചില്ല. 

കാര്യം ബോധ്യമായ മഹാവിഷ്ണു മോഹിനീ വേഷം ധരിച്ച് പാതാളത്തില്‍ ചെന്നു. അസുരന്മാരെ മോഹിപ്പിച്ച് വിഡ്ഢികളാക്കി അമൃതകുംഭം കൊണ്ടു വന്ന് ദേവന്മാര്‍ക്ക് കൊടുത്തു. ദേവന്മാര്‍ അമൃത് വീതിച്ചെടുത്ത് കുടിക്കാനാരംഭിച്ചു. മായാവിയായ സൈംഹികേയന്‍ വീണ്ടും സ്വര്‍ഗത്തിലെത്തി. 

ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍, അമൃത് യാചിച്ചു വാങ്ങി, അത് കുടിക്കാനാരംഭിച്ചു. 

ദ്വാരപാലകരായി നിന്ന സൂര്യചന്ദ്രന്മാര്‍ രഹസ്യം മനസ്സിലാക്കി മഹാവിഷ്ണുവിനു സൂചന കൊടുത്തു. അദ്ദേഹം സുദര്‍ശനം കൊണ്ട് കപടബ്രാഹ്മണന്റെ കണ്ഠമറുത്തു. എങ്കിലും അസുരന്‍ കുടിച്ച അമൃതില്‍ പാതി കണ്ഠത്തിനു മുകളിലും മറ്റേപാതി കണ്ഠത്തിനു  താഴെയും തങ്ങി നിന്നു. അതു കൊണ്ട് തലയും ഉടലും വേര്‍പെട്ട് രണ്ടായി തീര്‍ന്നിട്ടും രണ്ടും സജീവമായി നിന്നു. 

അവയാണ് രാഹുകേതുക്കളായി മാറിയത്. കണഠം മുറിഞ്ഞപ്പോള്‍ കുറച്ചു രക്തവും കുറച്ച് അമൃതും നിലത്ത് രണ്ടിടത്തായി വീണു. അവ ചുവന്നുള്ളിയും വെളുത്തുള്ളിയുമായി മാറി.വേഷം മാറിയെത്തിയ രാവണനെ ഒറ്റിക്കൊടുത്ത സൂര്യചന്ദ്രന്മാരോടുള്ള പക രാഹുകേതുക്കള്‍ക്ക് ഇന്നുമുണ്ട്. ആ പക മാറാത്തതിനുള്ള തെളിവാണ് ഇന്നും തുടരുന്ന  സൂര്യ, ചന്ദ്രഗ്രഹണങ്ങള്‍. വിഭീഷണന്‍ പാലാഴിമഥന കഥയിലെ സൂര്യചന്ദ്രര്‍ക്ക് തുല്യനായ പരമദ്രോഹിയാണെന്ന് ശുകസാരണന്മാര്‍ രാവണനെ ബോധ്യപ്പെടുത്തി. 

ശ്രീരാമസൈന്യസങ്കേതത്തിലെ വിശേഷങ്ങളും വിഭീഷണന്റെ നിലപാടും അറിഞ്ഞ രാവണന്‍, ശത്രുക്കളുടെ സന്നിവേശങ്ങളേയും ശ്രീരാമനേയും വിദൂരവിലോകനം ചെയ്യുന്നതിന് പരിവാരസമേതം ഉത്തരമഹാഗോപുരത്തിലെത്തി. 

ഈ വിവരം വാനരചാരന്മാര്‍ രാമനെ അറിയിച്ചു. രാമന്‍ തന്റെ സംഘത്തിനൊപ്പം സുവേലാചലത്തിന്റെ ഉന്നതശൃഗത്തില്‍ കയറി നിന്ന് രാവണനെ സൂക്ഷിച്ചൊന്നു വീക്ഷിച്ചു. രാമനും രാവണനും പരസ്പരം കണ്ടു. അവര്‍ തമ്മില്‍ കാണുന്നത് അതാദ്യമായിരുന്നു. രാവണന്റെ പ്രായാധിക്യത്തേയും  വീര്യത്തേയുംശ്രീരാമനും ശ്രീരാമന്റെ ദിവ്യത്വത്തെ രാവണനും മനസ്സുകൊണ്ട് പ്രണമിച്ചു. രാവണന്‍ ലക്ഷ്മണനെ നോക്കി  മനസ്സാല്‍ അഭിനന്ദിച്ചു. അതേ സമയം രാവണനെ കണ്ട ലക്ഷ്മണന്റെ കണ്ണുകള്‍ ചുവന്നു. 

രാവണന്‍ പിന്നീട് അസഹ്യഭാവത്തോടെ സുഗ്രീവനെ നോക്കി. അതു കണ്ട സുഗ്രീവന്‍ കുതിച്ചു ചാടി രാവണന്റെ തലയില്‍  കയറി ശിരസ്സിലെ മണിക്കിരീടവും മറ്റും രാമന്‍ ഇരിക്കുന്ന ദിക്കിലേക്ക് എറിഞ്ഞുകൊടുത്തു. 

 

 ( തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.