വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Thursday 13 June 2019 12:09 pm IST

അഹമ്മദാബാദ് : വിനാശകാരിയായ വായുചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് വീശില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്നതായി അഹമ്മദാബാദ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി മനോരമ മൊഹന്തി അറിയിച്ചു. 

അതേസമയം വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് യാതൊരു വിധത്തിലുള്ള നാശ നഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ മരണം ശക്തമായ കാലവര്‍ഷം മൂലമാണെന്നും ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ അറിയിച്ചു. 

വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ പോര്‍ബന്തര്‍, ദ്വാരക, വെരാവല്‍ തീരത്തിന് തൊട്ടടുത്ത് കൂടി കടന്നു പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശത്തെ രണ്ടേകാല്‍ ലക്ഷം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. ചില സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി റിപ്പോര്‍ട്ടുണ്ട്.

മണിക്കൂറില്‍ 145-175 കിലോ മീറ്ററായിരിക്കും വായുവിന്റെ വേഗം. കച്ച്, ജാംനഗര്‍, ജുനാഗധ്, ദേവ്ഭൂമി- ദ്വാരക, പോര്‍ബന്തര്‍, രാജ്‌കോട്ട്, അംറേലി, ഭാവ്‌നഗര്‍ തുടങ്ങിയ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിക്കുക.

ഗുജറാത്തിലേക്കുള്ള 70ലധികം ട്രെയിനുകള്‍ പൂര്‍ണമായും 28 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ റെയില്‍വേയുടെ കീഴില്‍ വരുന്ന വെരാവല്‍, ഓഖ, പോര്‍ബന്തര്‍, ഭാവ് നഗര്‍, ഭുജ്, ഗാന്ധിഗാം എന്നീ മേഖലയിലെ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയവ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.