എഎന്‍-32 അപകടം; വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചെന്ന് വ്യോമസേന

Thursday 13 June 2019 1:47 pm IST
8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇറ്റാനഗര്‍: ചൈനാ അതിര്‍ത്തിക്ക് സമീപം അരുചല്‍പ്രദേശില്‍ കാണാതായ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടെന്ന് വ്യോമസേന. ഇന്ന് പുലര്‍ച്ചെ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ പരിശോധന പൂര്‍ത്തിയാക്കിയ വ്യോമസേന വിമാനത്തിലുള്ള എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. 

8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.  മൂന്ന് മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍, അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.

കഴിഞ്ഞ ദിവസമാണ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ വ്യോമപാതയില്‍ നിന്ന് 15-20 കിലോമീറ്റര്‍ വടക്ക് മാറി അരുണാചല്‍ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്ന് അരുണാചലിലെ മെചുക ലാന്‍ഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോള്‍ ജൂണ്‍ 3നാണ് ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത എഎന്‍ 32 വിമാനം കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചൈനാ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണു മെചുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.