കടല്‍ക്ഷോഭം ചെറുക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല; വലിയതുറയില്‍ സന്ദര്‍ശനത്തിന് എത്തിയ മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞു

Thursday 13 June 2019 2:06 pm IST

തിരുവനന്തപുരം : കാലവര്‍ഷത്തെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികള്‍ തടഞ്ഞുവച്ചു. കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരമായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞുവെച്ചത്. 

എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്.കരിങ്കല്ലിറക്കി കടല്‍ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേല്‍നോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം.

മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കൊപ്പം, എംഎല്‍എ വി.എസ്. ശിവകുമാറും വലിയതുറ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മന്ത്രിയെയും എംഎല്‍എയെയും പോലീസ് സംബവ സ്ഥലത്തു നിന്നും പുറത്തെത്തിച്ചത്. പിന്നീട് കൂടുതല്‍  പോലീസ് സ്ഥലതെത്തി  പ്രതിഷേധക്കാരെ നിയന്ത്രിക്കുകയായിരുന്നു.  

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. കടലാക്രമണ മേഖലയില്‍ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.300 ഓളം ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കളിമണ്‍ ചാക്കുകളിട്ട് കടല്‍കയറുന്നത് തടയാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.