'ഈ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കുന്ന കാര്യമല്ല'; സിമന്റിന്റേയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി

Thursday 13 June 2019 4:59 pm IST

തിരുവനന്തപുരം : പാലാരിവട്ടം മേല്‍പ്പാലം മാറ്റിപ്പണിയണമെന്ന് ഇ. ശ്രാധരന്‍ പ്രസ്താവന നടത്തിയതിനെതിരെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. ശ്രീധരന്‍ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല, ശ്രീധരനെ മെട്രോയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒഴിവാക്കിയത് എന്തിനാണ,് ശ്രീധരനെ ഞങ്ങള്‍ കൊണ്ടു നടന്നതാണ്. അദ്ദേഹത്തെ ഈ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു എന്നും ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. 

മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഭരണാനുമതി മാത്രമാണു മന്ത്രിയെന്ന നിലയില്‍ നല്‍കാനാവൂ, സിമന്റിന്റേയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മുന്‍ മന്ത്രി പറഞ്ഞു. അതേസമയം മേല്‍പ്പാലത്തിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അത് ഇന്ത്യന്‍ പൗരന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അഴിമതി നടന്നതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഗണേഷ് കുമാര്‍ പരാതിപ്പെട്ടെന്നത് വെറുതെയാണെന്നും ഇബ്രാഹിം കുഞ്ഞ് കുറ്റപ്പെടുത്തി. അങ്ങിനെ ഒരു പരാതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിട്ടില്ല. പരാതിയുണ്ടായിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കുമായിരുന്നു. 

ഗണേഷ് കുമാര്‍ മാത്രമല്ല, മറ്റു പല കുമാരന്മാരും പലതും പറയുന്നുണ്ട്. നായനാര്‍ സര്‍ക്കാരിന്റെ കാലത്തു പണിത ഏനാത്ത് പാലം പിണറായി സര്‍ക്കാരിന്റെ കാലത്തു തകര്‍ന്നു. അതു പുനര്‍നിര്‍മ്മാണത്തിന് അടച്ചിട്ടില്ലേ. എല്ലാവര്‍ക്കും ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് 36 വകുപ്പുകളെ കുറിച്ച് സര്‍വേ റിപ്പോര്‍ട്ടാണ് 2015-ല്‍ നല്‍കിയത്, നടപടിയെടുത്തതിന്റെ റിപ്പോര്‍ട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.