മസ്തിഷ്‌ക വീക്കം: ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 43 കുട്ടികള്‍; കേന്ദ്ര സംഘം മുസാഫര്‍പൂരില്‍

Thursday 13 June 2019 6:00 pm IST
മസ്തിഷ്‌ക വീക്ക ലക്ഷണങ്ങളുമായി എത്തിയ 36 കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം ഇതുവരെ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതല്‍ രോഗം ബാധിച്ച് എത്തിയ ഏഴ് കുട്ടികള്‍ മരിച്ചതായി കെഎംഎസ് ആശുപത്രിയും സ്ഥിരീകരിച്ചു. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ബീഹാറിലെ അഞ്ച് കിഴക്കന്‍ ജില്ലകളില്‍ രോഗം പടരുന്നെന്നാണ് റിപ്പോര്‍ട്ട്.

മുസാഫര്‍പൂര്‍:  മസ്തിഷ്‌ക വീക്കം ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ ബീഹാറിലെ മുസാഫര്‍പൂരില്‍ 43 കുട്ടികള്‍ മരിച്ചു. ബുധനാഴ്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും ടൗണ്‍ ആശുപത്രിയിലുമായി മൂന്ന് കുട്ടികള്‍ കൂടി മരിച്ചതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഏഴംഗ കേന്ദ്ര സംഘം മുസാഫര്‍പൂരില്‍ എത്തി. 

മസ്തിഷ്‌ക വീക്കമാണ് മരണകാരണമെന്ന് മുസാഫര്‍പൂര്‍ ഡിഎം അലേക് രഞ്ജന്‍ ഘോഷ് സ്ഥിരീകരിച്ചു. ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെഎംഎസ് എന്നീ ആശുപത്രികളില്‍ മാത്രം 14 കുട്ടികള്‍ക്ക് പുതുതായി മസ്തിഷ്‌ക വീക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. ജനുവരി ഒന്നു മുതല്‍ ആകെ 172 പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ 41 കുട്ടികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10 കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ബാക്കി 63 പേര്‍ ചികിത്സയിലാണ്, ഡിഎം പറഞ്ഞു.

മസ്തിഷ്‌ക വീക്ക ലക്ഷണങ്ങളുമായി എത്തിയ 36 കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം ഇതുവരെ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നു മുതല്‍  രോഗം ബാധിച്ച്  എത്തിയ ഏഴ് കുട്ടികള്‍ മരിച്ചതായി കെഎംഎസ് ആശുപത്രിയും സ്ഥിരീകരിച്ചു. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ബീഹാറിലെ അഞ്ച് കിഴക്കന്‍ ജില്ലകളില്‍ രോഗം പടരുന്നെന്നാണ് റിപ്പോര്‍ട്ട്. 

മസ്തിഷ്‌ക വീക്കം ബാധിച്ച കുട്ടികളില്‍ കടുത്ത പനി, അപസ്മാരം, തളര്‍ച്ച, അബോധാവസ്ഥ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വെയിലില്‍ കളിക്കാന്‍ വിടരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. കുട്ടികള്‍ മരിക്കാനിടയായ സംഭവം ഗൗരവത്തോടെ കാണുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.