യുപിയില്‍ 33 വര്‍ഷങ്ങള്‍ക്കു ശേഷം 'മുന്‍കൂര്‍ ജാമ്യം'വ്യവസ്ഥ പുനഃസ്ഥാപിച്ച് യോഗി സര്‍ക്കാര്‍

Thursday 13 June 2019 6:19 pm IST
യുപിയില്‍ പോലീസ് സ്‌റ്റേഷുകളില്‍ നിന്ന് ജാമ്യം കിട്ടാത്ത തരത്തിലുള്ള കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് ഇനി താത്ക്കാലിക ജാമ്യം തേടാം, മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ആദ്യം അടിയന്തരാവസ്ഥക്കാലത്താണ് നീക്കിയത്. പിന്നീട് യുപിയില്‍ 86ലും ഇത് എടുത്തു കളഞ്ഞു. വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും നിയമവിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.

ലഖ്‌നൗ:  മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം ഉത്തര്‍പ്രദേശില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പുനഃസ്ഥാപിച്ച്് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ എതിരഭിപ്രായം പറയുന്നവരെ ജയിലില്‍ അടയ്ക്കുന്നുവെന്നും അടിച്ചമര്‍ത്തുന്നുവെന്നും  ഒരു വിഭാഗം ആക്ഷേപിക്കുമ്പോഴാണ്  നീതിന്യായ രംഗത്ത് സുപ്രധാനമായ മാറ്റം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 

യുപിയില്‍  പോലീസ് സ്‌റ്റേഷുകളില്‍ നിന്ന് ജാമ്യം കിട്ടാത്ത തരത്തിലുള്ള  കേസുകളില്‍ കുടുങ്ങുന്നവര്‍ക്ക് ഇനി താത്ക്കാലിക ജാമ്യം തേടാം,  മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ആദ്യം അടിയന്തരാവസ്ഥക്കാലത്താണ് നീക്കിയത്. പിന്നീട് യുപിയില്‍ 86ലും ഇത് എടുത്തു കളഞ്ഞു. വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും നിയമവിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം യോഗി സര്‍ക്കാര്‍ ക്രിമിനില്‍ നടപടിചട്ട നിയമത്തില്‍ (യുപി ഭേദഗതി)  ഇതിന് അനുയോജ്യമായ ഭേദഗതി കൊണ്ടുവന്ന് പാസാക്കി. ഈ ജൂണ്‍ ഒന്നിന് ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കി. ജൂണ്‍ ആറിന് ഇത് പ്രാബല്യത്തിലായി. ഇതോടെ ഇനി മുന്‍കൂര്‍ ജാമ്യമില്ലാത്ത സംസ്ഥാനം ഉത്തരാഖണ്ഡ് മാത്രമായി. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വ്യവസ്ഥയുണ്ട്.

2009ല്‍ ഈ വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്ന് യുപി നിയമ കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. 2010ല്‍  മായാവതി സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും നിരവധി പോരായ്മകളുള്ളതിനാല്‍ കേന്ദ്രം തടഞ്ഞു. ചില്ലറ ഭേദഗതികള്‍ വരുത്തി മായാവതി സര്‍ക്കാര്‍ അതേ വര്‍ഷം വീണ്ടും ബില്‍ പാസാക്കി  അയച്ചെങ്കിലും പോരായ്മകള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി മടക്കി അയച്ചു. ആ ബില്ലുകള്‍ വെറും വഴിപാടായി തയാറാക്കിയതായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം. പിന്നെ അത്തരം ശ്രമങ്ങളൊന്നും കാര്യമായി ഉണ്ടായില്ല. യോഗി സര്‍ക്കാര്‍ വന്ന ശേഷം മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.