പഴവിള രമേശന്‍ അന്തരിച്ചു

Friday 14 June 2019 5:09 am IST

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 6.15നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍. മൃതദേഹം ഇന്ന് രാവിലെ പത്ത് മുതല്‍ ഒന്ന് വരെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 2017ലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

നന്തന്‍കോട്ട് വൈലോപ്പിള്ളി സംസ്‌കൃതി ഭവന് സമീപത്തെ എന്‍എന്‍ആര്‍എ 78ല്‍ 'പഴവിള' വീട്ടിലായിരുന്നു താമസം. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടി അമ്മയുടെയും മകനായി 1936 മാര്‍ച്ച് 29 നായിരുന്നു ജനനം. കൊല്ലം എസ്.എന്‍ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദവും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എംഎയും നേടി.

1961 മുതല്‍ 1968 വരെ കെ. ബാലകൃഷ്ണന്റെ 'കൗമുദി' ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപരായിരുന്നു. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഭാര്യ സി.രാധ. മക്കള്‍: സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്. മരുമക്കള്‍: ഡോ.വി.സന്തോഷ് (സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ടി.സുഭാഷ് ബാബു(ബിസിനസ്). മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് 

തിരുവനന്തപുരം: 'സ്വര്‍ഗ്ഗങ്ങള്‍ സ്വപ്‌നം കാണും', 'മൗനത്തിന്‍ ഇടനാഴിയില്‍'... 1990ല്‍ ഭരതന്‍ സംവിധാനം  ചെയ്ത മാളൂട്ടി എന്ന ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങള്‍ മാത്രം മതി പഴവിള രമേശന്‍ എന്ന കവിയെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്താന്‍.

'അങ്കിള്‍ബണ്‍' എന്ന ചിത്രത്തിലെ 'കുരുക്കുത്തിക്കണ്ണുള്ള', 'അമ്പിളിക്കലയൊരു' ഞാറ്റടി എന്ന ചിത്രത്തിലെ അഗ്‌നിയാവണമെനിക്കാളിക്കത്തണം, എന്നീ ഗാനങ്ങളും പഴവിള രമേശന്റെ പ്രതിഭയുടെ അടയാളങ്ങളാണ്. 

മഴയുടെ ജാലകം, പഴവിള രമേശന്റെ കവിതകള്‍, ഞാനെന്റെ കാടുകളിലേയ്ക്ക് എന്നീ കവിതാ സമാഹാരങ്ങളും ഓര്‍മ്മകളുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര എന്നീ ലേഖനസമാഹാരങ്ങളുമാണ് പ്രധാന കൃതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.