ട്രോളിങ്:ബോട്ടുകള്‍ക്ക് 10 ലക്ഷം പിഴ

Friday 14 June 2019 9:12 am IST

മട്ടാഞ്ചേരി: മണ്‍സൂണ്‍ ട്രോളിങ് നിരോധനം ലംഘിച്ച നാല് മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഫിഷറീസ് വകുപ്പ് 10 ലക്ഷം രൂപ പിഴയിടാക്കി. ബോട്ട് ഒന്നിന് രണ്ടര ലക്ഷം രൂപയാണ് പിഴ. ബോട്ടിലുള്ള ടണ്‍ കണക്കിന് മത്സ്യം ലേലം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. തമിഴ്‌നാട്ടിലേതാണ് ബോട്ടുകള്‍. 

ജൂണ്‍ ആദ്യവാരം കൊച്ചി ഹാര്‍ബ്ബറില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട്ടിലെ ലൂര്‍ദ്ദ് മാതാ, ഇന്‍ഫന്റ് ദാസ്, ലൂര്‍ത്ത് മാതാ, യഹോവാനിസി എന്നീ ബോട്ടുകളാണ് നിരോധന ലംഘനത്തിന് നടപടി നേരിട്ടത്. 

ട്രോളിങ് നിരോധനം തുടങ്ങിയ ജൂണ്‍ ഒമ്പതിന് ശേഷം 10നും 11നുമായി കൊച്ചിയില്‍ കടന്നെത്തിയതായിരുന്നു ബോട്ടുകള്‍. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ നിയമം 1980, 2018 സെക്ഷന്‍ 4, 5 പ്രകാരമാണ് കൊച്ചി ഫിഷറീസ് ഡയറക്ടര്‍ നടപടിയെടുത്തത്. 

കടലില്‍ പ്രോപ്പലറില്‍ വല കുടുങ്ങിയതും കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നു യന്ത്രതകരാറുമൂലമാണ് ബോട്ടുകള്‍ ഹാര്‍ബറിലെത്താന്‍ വൈകിയതെന്ന് ലൂര്‍ദ് മാതാ ബോട്ടുടമ ജസ്റ്റിന്‍ അറിയിച്ചു. ട്രോളിങ് ലംഘത്തിനെതിരെ നടപടികള്‍ തുടരുമെന്ന് ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടി. കൊച്ചി, മുനമ്പം ഹാര്‍ബ്ബറുകള്‍ കേന്ദ്രീകരിച്ച് മൂവായിരത്തോളം ബോട്ടുകളാണ് മത്സ്യബന്ധന മേഖലയില്‍ ഉള്ളത്. ജൂലൈ 31 വരെയാണ് ട്രോളിങ്‌നിരോധനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.