ഫാസിസം എന്ന ഉന്‍മൂലന തന്ത്രം

Saturday 15 June 2019 3:54 am IST
ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് കേട്ട്‌കേള്‍വി മാത്രമുള്ള വാക്കാണ് ഫാസിസം. തങ്ങള്‍ക്ക് അനഭിമതരായ ഒരു വംശത്തെ ഉന്മൂലനം ചെയ്യുന്ന അധികാര തന്ത്രമാണ് അത്.

'ഫാസിസം ഒരിക്കലും അതിന്റെ ഏകാധിപത്യപരവും അക്രമോന്മുഖവുമായ യഥാര്‍ത്ഥ രൂപത്തിലല്ല കടന്നുവന്ന് ചുവടുറപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ മണ്ണിലാണ് അതിന്റെ വിത്ത് മുളച്ചുവളരുന്നത്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞാണ് അത് കടന്നുവരുന്നത്.' 

ഇംഗ്ലീഷ് ചരിത്രകാരനും ചിന്തകനുമായിരുന്ന അര്‍ണോള്‍ഡ് ടോയിന്‍ബി എഴുതിയ ഈ വാക്കുകള്‍ ഏറെ പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. അതിന്റെ തിരിച്ചറിവാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച ചില വന്‍വീഴ്ചകള്‍. ഫാസിസത്തിനെതിരെ ആഞ്ഞടിക്കുന്നവരും നിരന്തരം കലഹിക്കുന്നവരും തന്നെ യഥാര്‍ത്ഥ ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറുന്ന വിചിത്രമായ പല കാഴ്ചകളും കേരളം കണ്ടു. അധികാര രാഷ്ട്രീയം കളങ്കപ്പെടുത്തിയ ഇടതുപക്ഷ ബോധത്തിന്റെ അതിദയനീയമായ പരാജയവും കണ്ടു. ഹിന്ദുത്വഫാസിസം, ഹൈന്ദവതീവ്രവാദം തുടങ്ങിയ നിലവിലില്ലാത്ത സംജ്ഞകള്‍ ധാരാളമായി ഉപയോഗപ്പെടുത്തി മാധ്യമ ലൗഡ്‌സ്പീക്കറുകള്‍ വഴിയും കവലപ്രസംഗങ്ങളിലൂടെയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്തി ചേര്‍ത്ത് നിര്‍ത്തുക എന്നതായിരുന്നു കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രീതി. അതിലേക്കായി അവര്‍ ഏറ്റവും കൂടുതല്‍  ഉപയോഗപ്പെടുത്തിയത് ഫാസിസം എന്ന വാക്കാണ്.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള വാക്കാണ് ഫാസിസം. തങ്ങള്‍ക്ക് അനഭിമതരായ ഒരു വംശത്തെ ഉന്മൂലനം ചെയ്യുന്ന അധികാര തന്ത്രമാണത്. ജര്‍മ്മനിയിലും ഇറ്റലിയിലുമൊക്കെ ഫാസിസം വളര്‍ന്നതും തളര്‍ന്നതും കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടോടെ കേരളത്തിലെ പ്രബുദ്ധര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കാണ് യോഗ്യത, എന്ന ചോദ്യം ചെയ്യപ്പെടാനാവാത്ത നിലപാടുകള്‍ക്കിടയിലൂടെയാണ് ഫാസിസം എന്ന വാക്ക്  ഇവിടെ അവസരത്തിലും അനവസരത്തിലും പ്രയോഗിക്കപ്പെട്ടത്. പൊതുവെ ഒരു സാര്‍വദേശീയ വീക്ഷണമുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസം എന്ന പ്രചാരണതന്ത്രം, ഒരിക്കല്‍ക്കൂടി ഉറപ്പിക്കാന്‍കിട്ടുന്ന അവസരം കൂടിയായിരുന്നു  കേരളത്തിലെ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് പൂര്‍വ്വഘട്ടം. ഏതെങ്കിലും ഒരു സാര്‍വദേശീയ സംഭവത്തിന്റെ ഉദ്ധരണിയോ റിപ്പോര്‍ട്ടോ ഇല്ലാതെ കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പരിപാടിയോ, സംഘാടനമോ, പദ്ധതിയോ നടക്കാറില്ല എന്ന തമാശ, 1957 മുതല്‍ സഹൃദയരായ മലയാളികള്‍ ആസ്വദിച്ചു പോരുന്നതാണല്ലോ. 

ലോകചരിത്രത്തിലെ ഫാസിസ്റ്റ് പ്രതിരോധങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളോ സ്റ്റഡി ക്‌ളാസ്സുകളോ ഇല്ലാത്ത ഒരു പാര്‍ട്ടി ഓഫീസും കേരളത്തിലില്ല. ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടെയും നേതൃത്വത്തില്‍ ഫാസിസം തകര്‍ത്തുവാഴുന്ന കാലഘട്ടങ്ങളില്‍  മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന് പറ്റിപ്പോയ ചരിത്രപരമായ മണ്ടത്തരങ്ങളുടെ കഥകള്‍മാത്രം ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അധിനിവേശ രാഷ്ട്രീയ പ്രസ്ഥാനമായ കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്, 'വര്‍ഗീയത വീഴും' എന്ന് പറഞ്ഞുകൊണ്ട് ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ടി വരുന്നതിന്റെ, 'വികസനം വാഴും' എന്ന് പറയുമ്പോഴും ജനകീയ പുരോഗതി ലക്ഷ്യമാക്കുന്ന ഒരൊറ്റ പദ്ധതി പോലും മുന്നോട്ടു വെക്കാനില്ലാത്തതിന്റെ ഒക്കെ, കടുത്ത പാപബോധത്തില്‍ നിന്നുള്ള ഒരേയൊരു മോചനമാര്‍ഗമാണ് ഈ ഫാസിസം നിലവിളികള്‍. പൊതുജനത്തിന് മനസ്സിലായിതുടങ്ങി എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.

ഫാസിസത്തിന്റെ ഏറ്റവും പ്രാഥമികമായ പ്രകടരൂപമാണ് അസഹിഷ്ണുത. അതിന്റെ വൈവിധ്യമാര്‍ന്ന പല ഭാവങ്ങളും ഭരണാധികാരികളില്‍നിന്ന് നേരിട്ട് അനുഭവിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് 'ഭാഗ്യ'മുണ്ടായിട്ടുണ്ട്. ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍, സെല്‍ഫി എടുക്കാന്‍ വന്ന കൊച്ചുകുട്ടിയും കൈകൊടുക്കാന്‍ വന്ന പാര്‍ട്ടിപ്രവര്‍ത്തകനും വരെ അത്തരം അസഹിഷ്ണുതകള്‍ക്ക് പാത്രീഭവിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ക്കൂടി ജനങ്ങള്‍ കണ്ടറിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍കൂടിയായ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണിണ്ടുവരണം എന്ന നിവേദനവുമായി വന്ന മഹിജയെന്ന അമ്മയോട് കാണിച്ച സഹിഷ്ണുതയും മലയാളികള്‍ മറക്കാന്‍ ഇടയില്ല.

''സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവും'' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ മഞ്ജു വാര്യരുടെ ഫേസ്ബുക് പേജില്‍ സഖാക്കള്‍ നടത്തിയ ആക്രമണത്തിന് എന്ത് നടപടിയാണ് ഉണ്ടായതെന്നും നമ്മള്‍ കണ്ടു. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ നാമജപം നടത്തിയ ക്ഷേത്രത്തിലെ ഫ്യൂസ് ഊരുന്നതും, തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന പേരില്‍ ആ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതും മലയാളികള്‍ കണ്ടും വായിച്ചും അറിഞ്ഞു. ശബരിമലയില്‍ നടത്തിയ ഇടപെടലുകള്‍ തീവ്രത കൂടിയതായിരുന്നു അത് കുറയ്‌ക്കേണ്ടതാണ് എന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ അത് ജനാധിപത്യ സംവിധാനത്തിലെ ഒരു നിയമം നടപ്പാക്കല്‍ മാത്രമായിരുന്നു കേരളത്തിലെ ഇടത് ഭരണാധികാരികള്‍ക്ക്. ഭരണകൂടം നടത്തുന്ന ഇത്തരം തീവ്രതകൂടിയ ഇടപെടലുകളെ, പ്രത്യേകിച്ച്, അതൊരു വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയതാവുമ്പോള്‍,  ഫാസിസം എന്ന് തന്നെയാണ് പൊതുവായി വിളിക്കുന്നതെന്ന് വൈകിയെങ്കിലും അവര്‍ തിരിച്ചറിഞ്ഞു എന്നത് ആശ്വാസകരമാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യം 

''ഫാസിസം'' കഴിഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അവരുടെ ഉടുക്കുപാട്ടുകാരും ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്ത മറ്റൊരു പദമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. ജനാധിപത്യത്തില്‍ മൗലികാവകാശം പോലെ മൗലിക ഉത്തരവാദിത്വവും ഉണ്ടെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമായ ഒന്നല്ല. ഇന്ത്യപോലൊരു ബഹുസ്വരസമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത്, ഏത് വിഭാഗത്തില്‍ പെട്ടതായാലും മറ്റുള്ളവരെ മാനസികമായോ ശാരീരികമായോ ഹനിക്കാത്ത തരത്തില്‍ നിയന്ത്രണ വിധേയമായിരിക്കണം. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് കീഴിലെ ആവിഷ്‌കാര സ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റ് സ്തുതിപാഠകര്‍ക്കും ഭാരതീയതയെ തള്ളി പറയുന്നവര്‍ക്കുമായി പരിമിതപ്പെടുത്തി വച്ചിരിക്കുന്ന സ്വകാര്യവകുപ്പ് മാത്രമാണെന്ന് മനസ്സിലാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളിലെ സംഭവവികാസങ്ങള്‍.

ഈ പത്രവാര്‍ത്ത കാണുക.

'മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പേരില്‍ ഇടതുസര്‍ക്കാര്‍ ഇതുവരെ കേസെടുത്തത് 119 പേര്‍ക്കെതിരെ. ഇതില്‍ 13 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ അധിക്ഷേപിച്ചതില്‍ 41 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ മാത്രം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന് 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 56 പ്രതികളാണ് ഈ കേസുകളിലുള്ളത്. ഇതില്‍ 26 പേര്‍ അറസ്റ്റിലായി'. 

'നിര്‍ഭയമായ അന്തരീക്ഷത്തില്‍ മാത്രമേ സര്‍ഗാത്മകത പുലരൂ...' എന്ന് ഫേസ്ബുക് പോസ്റ്റിട്ട, പണ്ഡിതസദസ്സുകളില്‍ പ്രസംഗിക്കുന്ന, അതേ മുഖ്യമന്ത്രിക്കെതിരെ യാതൊരു സര്‍ഗാത്മകതയും വിലപ്പോകില്ലെഎന്ന് മലയാളികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഫോട്ടോയില്‍ അടിച്ചും കുത്തിയും ചവിട്ടിയും അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ അസഭ്യം പറഞ്ഞും പുലര്‍ന്നുപോരുന്ന ജനാധിപത്യബോധത്തിന് കേരളത്തില്‍ 'സീറോ ടോളറന്‍സ്' മാത്രമേ ഉള്ളെന്ന് വ്യക്തമാക്കുന്ന രീതിയില്‍ പ്രബുദ്ധത ഇവിടെ സ്വയം അടയാളപ്പെടുത്തുന്നു. 'ഉത്തരേന്ത്യയില്‍ നിരന്തരം ലംഘിക്കപ്പെടുന്ന' ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കേരളത്തില്‍ എത്രമാത്രം മൈലേജ് കിട്ടുന്നുണ്ട് എന്നതിന് തെളിവാണ് ''ടി.പി. 51 വെട്ട്'', ''ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'' തുടങ്ങിയ സിനിമകളും അവയുടെ റിലീസിംഗ് സമയത്തെ കഥകളും. സ്വതന്ത്രചിന്തകളോടും അവയുടെ സര്‍ഗാത്മക ആവിഷ്‌കാരങ്ങളോടും ഇവിടത്തെ ഇന്റലെക്ച്വല്‍ പരിവേഷമുള്ള സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍, കമ്മ്യൂണിസ്റ്റ്മതം എന്ന യാഥാസ്ഥിതിക ഭാണ്ഡത്തിലെ അനേകം വിഴുപ്പുകളില്‍ ഒന്ന് മാത്രമാണ്.

അഞ്ചു നേരം തടസമില്ലാതെ ബാങ്ക് വിളികള്‍ ഉയരുന്ന ഒരുനാട്ടില്‍ സനാതനമന്ത്രങ്ങള്‍ ഉയര്‍ന്നപ്പോള്‍ വര്‍ഗീയതയായും  സോഷ്യല്‍ കണ്ടീഷന്‍ മോശമായതായും തോന്നുന്ന അപകടകരമായ ഒരു രാഷ്ട്രീയബോധമാണത്. ആ രാഷ്ട്രീയബോധത്തിന് വളമിട്ട് വളര്‍ത്തുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ദേശീയതയെയും ഈ നാടിന്റെ അടിസ്ഥാന മൂല്യങ്ങളായ പൗരാണികമായ ഒരു സൗന്ദര്യബോധത്തെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.