കാണാതായ സിഐയെ കണ്ടെത്തി, വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തും

Saturday 15 June 2019 10:28 am IST

കൊച്ചി : മൂന്ന് ദിവസം മുമ്പ് കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ നവാസിനെ തമിഴ്‌നാട്ടിലെ കരൂരിൽ നിന്നും കണ്ടെത്തി. തമിഴ്‌നാട് റെയില്‍വേ പോലീസ് നവാസിനെ തിരിച്ചറിഞ്ഞ് കേരള പോലീസിനെ വിവരം അറിയിച്ചത്.

നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. രാവിലെ തന്നെ കരൂരില്‍ നിന്നും കൊച്ചിയിലേക്ക് തിരിച്ച നവാസ് വൈകുന്നേരത്തോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേലുദ്യോഗസ്ഥന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്നതിന് പരസ്യമായി ശകാരിച്ചതിലുള്ള മാനസിക വിഷമം നിമിത്തമാണ് നവാസ് നാടുവിട്ടത്. നവാസിനെ പരസ്യമായി ശകാരിച്ച ആരോപണ വിധേയനായ അസി. കമ്മിഷണര്‍ പി.എസ് സുരേഷിനും നവാസിനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറ്റമുണ്ടായിരുന്നു. വീണ്ടും നവാസിന്റെ മേലുദ്യോഗസ്ഥനായിട്ടായിരുന്നു സുരേഷിന്റെ വരവ്. സുരേഷ് മട്ടാഞ്ചേരി അസി. കമ്മിഷണറും നവാസ് സി.ഐയും. ഇരുവരും ഇന്ന് ചുമതലയേല്‍ക്കേണ്ടതായിരുന്നു.

നവാസിന്റെ ഭാര്യ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.  ഇയാള്‍ ദൂരയാത്രയ്ക്ക് പോകുകയാണെന്ന് പോലീസ് ഡ്രൈവരോടും ഒരു ബന്ധുവിനേയും അറിയിച്ചിരുന്നു. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ 13-ാം തീയതി നവാസ് ഒഴിഞ്ഞിരുന്നു. കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനായിരുന്നു നവാസ്. അഴിമതിക്കെതിരെ എന്നും മുന്നില്‍. സേനയില്‍ എത്തിയപ്പോള്‍ കൈക്കൂലിക്കാരെ ആട്ടിയോടിച്ചിരുന്നു.  

വഴിവിട്ട ശുപാര്‍ശകളുമായി വരുന്ന മേലുദ്യോഗസ്ഥരോട് നേരത്തെയും വഴക്കിട്ടിട്ടുണ്ട്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഒഫ് ബഹുമതിയും നവാസിന് ലഭിച്ചിട്ടുണ്ട്. ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതിനാല്‍ നവാസ് സെന്‍ട്രല്‍ സ്‌റ്റേഷനില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.