അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ അധിക നികുതി; പ്രത്യേക പദവി പിന്‍വലിച്ചപ്പോള്‍ ഇന്ത്യയുടെ തിരിച്ചടി; ഭാരതത്തിന്റെ ഖജനാവില്‍ എത്തുന്നത് 1513.84 കോടി

Saturday 15 June 2019 12:30 pm IST

വാഷിങ്ടണ്‍ : ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ അധിക നികുതി ചുമത്തുന്നു. ബദാം, വാള്‍നട്ട്, പയറ് വര്‍ഗങ്ങള്‍ തുടങ്ങി യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഉടന്‍ ഇറക്കും.

ഇന്ത്യയുടെ സ്റ്റീല്‍,അലുമിനിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നികുതി ട്രംപ് ഭരണകൂടം കൂട്ടിയിരുന്നു. കൂടാതെ ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും എടുത്ത് കളഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ നീക്കം. 

ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ ശേഷം എല്ലാ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു.  ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനവും അധിക നികുതി ഏര്‍പ്പെടുത്തിയത്. 

ഇതിനെ തുടര്‍ന്ന് 16746.84 കോടി രൂപയുടെ അധിക ബാധ്യത ഇന്ത്യയ്ക്കുണ്ടായി. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചതാണ്. എങ്കിലും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തിരുമാനം പലതവണ നീട്ടുകയായിരുന്നു. അതിനിടെ ഇന്ത്യക്കുള്ള സൗഹൃദ രാഷ്ട്ര പദവി കൂടി അമേരിക്ക എടുത്ത് കളഞ്ഞതോടെ മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും അധിച്ചുങ്കം നല്‍കേണ്ട സ്ഥിതിയായി. 

ഈ സാഹചര്യത്തിലാണ് 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്. തീരുമാനം നടപ്പിലാക്കിയാല്‍ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും. സ്റ്റീല്‍ അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.