വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് ഇന്ത്യന്‍ സൈന്യം

Saturday 15 June 2019 12:58 pm IST

പാട്‌ന : ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്റെ സഹോദരിയുടെ വിവാഹം നടത്തി ജനങ്ങള്‍ക്ക് മാതൃകയായി സൈനികര്‍. ഇന്ത്യന്‍ സേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാന്റോ സൈനികനായിരുന്ന പട്‌ന സ്വദേശി ജ്യോതി പ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹമാണ് അദ്ദേഹത്തിന്റെ വിയോഗം അറിയിക്കാതെ സൈനികര്‍ ചേര്‍ന്ന് നടത്തിയത്. 

ജമ്മു കശ്മിരീര്‍ അതിര്‍ത്തിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചാണ് പ്രകാശ് നിരാല രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. 2018-ല്‍ പ്രകാശ് നിരാലയെ മരണാനന്തര ബഹുമതിയായി അശോക ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. 

നാല് സഹോദരിമാരുടെ ഏക ആശ്രയമായിരുന്നു പ്രകാശ്. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം സാമ്പത്തികമായി തകര്‍ച്ചയിലായെന്ന് മനസ്സിലാക്കിയതോടെ സഹോദരിയുടെ വിവാഹം ഗരുഡ് കമാന്റോയില്‍ ഉണ്ടായിരുന്ന സൈനികര്‍ ചേര്‍ന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

കമാന്റോയിലുള്ള സൈനികരില്‍ നിന്നും തുക പിരിച്ചാണ് വിവാഹത്തിനുള്ള പണം കണ്ടെത്തിയത്. ഒരാളുടെ കയ്യില്‍നിന്ന് 500 രൂപ വീതം അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വിവാഹത്തിനായി സമാഹരിച്ചത്.

സൈനികര്‍ ചേര്‍ന്ന് സഹോദരന്റെ സ്ഥാനത്തുനിന്ന് പ്രകാശിന്റെ സഹോദരിയുടെ വിവാഹം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇതിന് വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.