കടലാക്രമണത്തിന് ശമനമില്ല; ക്യാമ്പുകളില്‍ ദുരിതജീവിതം

Saturday 15 June 2019 1:01 pm IST

തിരുവനന്തപുരം: മഴ ശമിച്ചെങ്കിലും കടലാക്രമണത്തിന് കുറവില്ലാതെ തീരം. ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതജീവിതം. കടലാക്രമണം തുടങ്ങി എട്ട് ദിവസം പിന്നിടുമ്പോഴും തീരത്തെ ഭീതിയിലാക്കി തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. കാലവര്‍ഷം മഴ കുറഞ്ഞത് ആശ്വാസമായെങ്കിലും കടലാക്രമണം വെള്ളിയാഴ്ചയും രൂക്ഷമായിരുന്നു. തിരമാലകള്‍ തീരമെടുത്ത് വീടുകളിലേക്ക് എത്തുന്നു. 

ഇതോടെ തകര്‍ച്ച നേരിടുന്ന വീടുകളും കടലെടുക്കുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. മൂന്നും നാലും നിര കടന്ന് അഞ്ചാം നിര വീടുകളിലേക്കും വെള്ളം കയറുന്ന തരത്തില്‍ ശക്തമാണ് തിരമാലകള്‍. അപകടസാധ്യത മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിച്ചെങ്കിലും പൂര്‍ണമല്ല. വലിയതുറ, കൊച്ചു തോപ്പ്, സെന്റ് ആന്റണീസ്, ശംഖുംമുഖം ഭാഗങ്ങളില്‍ തിര കാര്യമായ നാശം വിതച്ചിട്ടുണ്ട്. 

മുപ്പതോളം വീടുകളാണ് ഇതുവരെ തകര്‍ന്നത്. അറുപതിലധികം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൂടാതെ വെള്ളം കയറുന്ന നിരവധി വീടുകളുമുണ്ട്. കടലാക്രമണം തീവ്രമായത് മത്സ്യബന്ധനത്തെയും ബാധിച്ചു. നിരവധി വള്ളങ്ങളും ഉപകരണങ്ങളും കടലെടുത്തത് നിരവധി കുടുംബങ്ങളുടെ ഉപജീവനം വഴിമുട്ടിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്കും കടലില്‍ പോകാന്‍ കഴിയുന്നില്ല. ഇതോടെ തീരം രൂക്ഷമായ ദുരിതം നേരിടുകയാണ്.

കടലാക്രമണം തടയാന്‍ സര്‍ക്കാറിന് ആകാത്തതും വലിയ തിരിച്ചടിയായി. ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റൊരു ദുരിതക്കാഴ്ചയാണ്. വലിയതുറ യുപിഎസിലെ ക്യാമ്പാണ് ഏറെ ദുരിതം. എഴുപതോളം കുടുംബങ്ങളിലായി മുന്നൂറിലധികംപേര്‍ ഇവിടെ അഭയം തേടിയിട്ടുണ്ട്.  ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. അഞ്ചോളം ക്ലാസ് മുറികളിലായാണ് ഇത്രയധികം ജനങ്ങള്‍ കഴിയുന്നത്. ഒരു ക്ലാസ് മുറിയില്‍ അഞ്ചോളം കുടുംബങ്ങള്‍ തിങ്ങിഞെരുങ്ങി കഴിയുന്നത് ദുരിതമാകുന്നു. 

പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങള്‍ കുറവാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. മറ്റ് വരുമാനമില്ലാത്തവര്‍ ആഹാരത്തിനു പോലും ഏറെ കഷ്ടപ്പാടിലാണ്. കൊതുകുശല്യം രൂക്ഷമായതും മഴയില്‍ വെള്ളം അകത്ത് കയറുന്നതും ജീവിതം ദുരിതമാക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.  കടലാക്രമണം തടയുന്നതിനും ക്യാമ്പുകളിലെ ദുരിതത്തിന് പരിഹാരവും വൈകിയാല്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: കടൽആക്രമണംതീരംമഴകാലവർഷംmonsoonraincoast