ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പോരാടണം: പ്രധാനമന്ത്രി

Saturday 15 June 2019 8:47 pm IST

ന്യൂദല്‍ഹി: ദാരിദ്ര്യം, തൊഴിലില്ലായ്മ, മലിനീകരണം, വരള്‍ച്ച, അക്രമം, അഴിമതി തുടങ്ങി രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുമിച്ച് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. 

2022ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുകയെന്നതാകണം എല്ലാവരുടെയും ലക്ഷ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാനുള്ള സമയാണ്. നിതി ആയോഗിന്റെ അഞ്ചാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2024ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തിക്കുകയാണ്  ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഏറെ വിഷമമേറിയതാണ്. എങ്കിലും സംസ്ഥാനങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനമുണ്ടെങ്കില്‍ വിജയത്തിലെത്താന്‍ സാധിക്കും. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മത്സ്യബന്ധനം, മൃഗസംരക്ഷണം, പച്ചക്കറി, പഴം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണം. വരള്‍ച്ച പരിഹരിക്കുന്നതില്‍ പുതിയ ജലശക്തി വകുപ്പ് നിര്‍ണായകമാകും. 

 കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരു മനസ്സോടെ മുന്നേറണം. വടക്കുകിഴക്കന്‍ മേഖല ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ സാധ്യതകള്‍ ഇപ്പോഴും പൂര്‍ണമായി ഉപയോഗിച്ചിട്ടില്ല. കയറ്റുമതി കൂടിയാല്‍ തൊഴിലും വരുമാനവും വര്‍ദ്ധിക്കും. എല്ലാവരുടെയും വികസനമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിതി ആയോഗിന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്‌കരിച്ചിരുന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനും, അസുഖബാധിതനായതിനാല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനും പങ്കെടുക്കാനായില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.