കശ്മീരിലെ ഭീകരവാദം അടിച്ചമര്‍ത്താന്‍ ആഭ്യന്തരമന്ത്രാലയം; ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ചു

Saturday 15 June 2019 8:50 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെ കണ്ടെത്താനായി 'ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പ്' എന്ന പ്രത്യേക സംഘത്തെ രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരവാദികളുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും ഭീകരവാദത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

അഡീഷണല്‍ ഡിജിപി തലവനായ സംഘത്തില്‍ ജമ്മുകശ്മീര്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സിഐഡിയുടെ തലവന്‍ ചെയര്‍മാനുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഐജിപിക്കാണ് ചുമതല. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, എന്‍ഐഎ, സിബിഐ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സെസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ പ്രതിനിധികളാണ് 'ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പി'ല്‍ ഉള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി അമിത് ഷാ നിര്‍ണ്ണായകമായ ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ഇതിനു പിന്നാലെ കാശ്മീരിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ആറു മാസത്തേക്ക് കൂടി കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.