കണ്ണൂര്‍: സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിക്ക് നേരിട്ട് പരാതി നല്‍കിയതില്‍ കണ്ണൂര്‍ ജില്ലാ ഘടകത്തിന് അതൃപ്തി. സിപിഎം സംഘടനാ സംവിധാനമനുസരിച്ച് സംഘടനാപരമായ കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതത് കീഴ്ഘടകങ്ങളിലാണ് പരാതി നല്‍കേണ്ടത്. കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് മേല്‍ഘടകങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.
കീഴ്ഘടകങ്ങളുടെ തീരുമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന കമ്മിറ്റിക്ക് നേരിട്ട് പരാതി നല്കാന് പാടുള്ളൂ. എന്നാല്‍, കീഴ്വഴക്കം മറികടന്ന് പി. ജയരാജന് നേരിട്ട് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കടുത്ത അമര്‍ഷമുണ്ടാക്കി.
കേസില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജന് സംസ്ഥാന കമ്മിറ്റിക്ക് നല്കിയ പരാതി ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ മാത്രമാണ് ജില്ലയിലെ മറ്റ് ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ജയരാജന്റെ പരാതി പരിഗണിച്ച് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന് തലശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിന്റെ പങ്ക് പോലീസിനോട് പറഞ്ഞിരുന്നുവെന്ന് നസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഷംസീറിന്റെ പേര് പറഞ്ഞില്ലെന്നായിരുന്നു പോലീസ് നിലപാട്.
അക്രമത്തില്‍ പരിക്കേറ്റ നസീറിനെ പി. ജയരാജന് ആശുപത്രയില്‍ സന്ദര്‍ശിച്ചിരുന്നു. വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ ഘടകം വ്യക്തമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഗൂഢാലോചന ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ജില്ലാ ഘടകവും പോലീസും ഒത്തുകളിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജന് നേരിട്ട് സംസ്ഥാന ഘടകത്തിന് പരാതി നല്‍കിയതെന്നാണ് സൂചന.
നേരത്തെ ഒന്നിലധികം കൊലപാതകക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജന് നസീര്‍ വധശ്രമവും ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം കണക്കു കൂട്ടിയത്. ഇത് മുന്‍കൂട്ടിക്കണ്ടാണ് പി. ജയരാജന് നസീറിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചതും പാര്‍ട്ടിക്ക് പരാതി നല്കിയതും. കീഴ്ഘടകത്തില്‍ പരാതി നല്കിയാല് തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാവുമെന്ന് ജയരാജന് വ്യക്തമായ ധാരണയുണ്ട്. നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ ഘടകവും പി. ജയരാജനും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: