മാവേലിക്കരയില്‍ പോലീസുകാരിയെ ചുട്ടുകൊന്ന സംഭവം; അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍

Sunday 16 June 2019 9:50 am IST

മാവേലിക്കര: പോലീസുകാരനായ അജാസില്‍ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ മകന്‍. എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പോലീസുദ്യോഗസ്ഥയായ സൗമ്യയെ പോലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്റെ വാക്കുകള്‍. ഒന്നില്‍ കൂടുതല്‍ തവണ ഫോണില്‍ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകന്‍ പറയുന്നുണ്ട്. 

സൗമ്യ പുഷ്പകരന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോര്‍ട്ടം. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പോലീസ് പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.