മസ്തിഷ്‌ക ജ്വരം മൂലം ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 80 ആയി

Sunday 16 June 2019 10:51 am IST

പാട്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 80 ആയി. ബീഹാറിലെ മുസാഫര്‍പൂരിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുസാഫര്‍പൂര്‍ ഇന്ന് സന്ദര്‍ശിക്കും.

മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും കേജ്‌രിവാള്‍ മൈത്രിസദന്‍ ആശുപത്രിയിലുമാണ് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി മുതല്‍ മുസഫര്‍പൂരില്‍ മാത്രം മസ്തിഷ്‌ക ജ്വരം ബാധിച്ച് 134 കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം 119 കുഞ്ഞുങ്ങള്‍ കടുത്ത പനിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് ചികിത്സ തേടി. അതേസമയം കേജ്‌രിവാള്‍ മൈത്രിസദനില്‍ കഴിയുന്ന അഞ്ച് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

വ്യാഴാഴ്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്ധ സംഘം രണ്ട് ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് വേണമെന്നും കുട്ടികളുടെ സാംപിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. 

കുട്ടികളുടെ റിപ്പോര്‍ട്ട് മാത്രം പരിശോധിക്കാനായി ലാബ് തുറക്കുകയാണെങ്കില്‍ പെട്ടെന്ന് ഫലം പരിശോധിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകുമെന്ന് മുസാഫര്‍പൂര്‍ സിവില്‍ സര്‍ജന്‍ ഡോ. ശൈലേഷ് കുമാര്‍ അറിയിച്ചു. രോഗം ബാധിച്ച കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബംഗാള്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ വ്യക്തമാക്കി. മരുന്നുകള്‍ മുതല്‍ കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നത് വരെ എല്ലാ ശ്രമങ്ങളും നടന്നുവരികയാണ്. പാട്‌ന എയിംസില്‍ നിന്ന് നഴ്‌സുമാരെ വിവിധ ആശുപത്രികളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും പാണ്ടേ കൂട്ടിച്ചേര്‍ത്തു. 

നാഡീവ്യൂഹത്തിനെ ബാധിക്കുന്ന അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം എന്ന ഈ രാഗം കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് കൂടുതല്‍ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നെ അത് കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടര്‍ന്നു പിടിക്കാന്‍ സാധ്യത. എന്നാലിത്തവണ വേനല്‍ക്കാലത്താണ് ബിഹാറില്‍ രോഗം പടര്‍ന്നിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: മസ്തിഷ്‌ക ജ്വരം മംഗള്‍ പാണ്ഡേ ഡോ. ശൈലേഷ് കുമാര്‍ ഡോ. ഹര്‍ഷവര്‍ധന്‍ ബീഹാര്‍