എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനെന്ന് സൗദി

Sunday 16 June 2019 11:13 am IST

റിയാദ് :എണ്ണക്കപ്പലുകള്‍ക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ടുള്ള ഭീഷണികളെ ശക്തമായി നേരിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 

അക്രമണത്തിനിരയായ ഒരു എണ്ണക്കപ്പലില്‍ നിന്ന് ഇറാന്‍ സൈനികര്‍ മൈനുകള്‍ നീക്കം ചെയ്യുന്നതെന്നു വിശദീകരിച്ച് യുഎസ് നേവി വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചെങ്കിലും ആ വാദം ട്രംപ് തള്ളി.

വ്യാഴാഴ്ചയുണ്ടായ അക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇപ്പോള്‍ സൗദി അറേബ്യയും ഇറാനെതിരെ രംഗത്തു വന്നിരിക്കുന്നത്. അതേസമയം, ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ അക്രമണം ഉണ്ടായത്. സൗദി, യുഎഇ എന്നിവിടങ്ങളില്‍നിന്നു പുറപ്പെട്ട കപ്പലുകളില്‍ ഒമാന്‍ കടലിടുക്കില്‍വെച്ചാണ് സ്ഫോടനം ഉണ്ടായത്.

കഴിഞ്ഞ മാസം 12ന്, ഒമാന്‍ കടലിടുക്കില്‍ തന്നെ യുഎഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം നാലു കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് അതിനു പിന്നിലെന്നായിരുന്നു അന്നു യുഎസിന്റെ ആരോപണം. ജപ്പാന്‍ റജിസ്ട്രേഷനുള്ള കൊകുക കറേജിയസ്, നോര്‍വേ കമ്പനിയുടെ ഫ്രണ്ട് ഓള്‍ടെയര്‍ കപ്പലുകളിലാണ് സ്ഫോടനവും തുടര്‍ന്നു തീപിടിത്തവും ഉണ്ടായത്. 

മാഗ്നറ്റിക് മൈന്‍ അക്രമണമാണെന്നു സംശയിക്കുന്നതായി കമ്പനി വക്താക്കള്‍ അറിയിച്ചു. കടലില്‍ വിതറുന്ന ഇവ കപ്പലുകള്‍ കടന്നുപോകുമ്‌ബോള്‍ കാന്തിക ശക്തിയാല്‍ മുകളിലെത്തി പൊട്ടിത്തെറിക്കും. ഇരു കപ്പലുകളിലെയും 44 ജീവനക്കാരെയും രക്ഷിച്ച് ഇറാനിലെ ജസ്‌ക് തുറമുഖത്തെത്തിച്ചു. ഇവിടെനിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അക്രമണമുണ്ടായത്. ജീവനക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.