എക്സ് എംപിയെന്ന് സ്വന്തം വാഹനത്തിന് മുന്നില്‍ എ. സമ്പത്ത് ബോര്‍ഡ് തൂക്കിയെന്ന് സോഷ്യല്‍ മീഡിയ; വ്യാപക പ്രതിഷേധം

Sunday 16 June 2019 1:56 pm IST

തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ദയനീയമായി പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ത്ഥി എ. സമ്പത്ത് എക്സ് എംപി എന്ന ചുവന്ന ബോര്‍ഡ് തൂക്കി കറങ്ങി നടക്കുന്നതായി സോഷ്യല്‍ മീഡിയ. ഭരണഘടന ചുമതല വഹിക്കുന്ന മേലധികാരികള്‍ മാത്രമേ ചുവന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാവൂ എന്നാണ് ചട്ടം. ഈ നിയമം ലംഘിച്ചുകൊണ്ടാണ് എക്‌സ് എംപിയെന്ന് ചുവന്ന വലിയ ബോര്‍ഡ് തന്റെ ഇന്നോവ കാറില്‍ പ്രദര്‍ശിപ്പിച്ച് തോറ്റ എംപി യഥേഷ്ടം കറങ്ങുന്നത്.  കെ.എല്‍ 01 ബി.ആര്‍ 657 എന്ന നമ്പരിലുള്ള കാര്‍ സമ്പത്തിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും ഘടിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത കമ്മിഷണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍, കേരള സര്‍ക്കാര്‍ വകുപ്പുകളുടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാ അഥേറിറ്റികളുടെ തലവന്‍മാര്‍ക്ക്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പദവി സംബന്ധിച്ച ബോര്‍ഡ് വാഹനത്തിന്റെ മുന്നിലും പിന്നിലും 25-10 സെന്റീ മീറ്റര്‍ അളവിലുള്ള ചുവന്ന പ്രതലത്തിലുള്ള ബോര്‍ഡില്‍ 40 മില്ലീമീറ്റര്‍ ഉയരത്തിലും 8 മില്ലീ മീറ്റര്‍ ഘനത്തിലുമുള്ള അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കാം. 

മറിച്ച് ചെയ്യുന്നത് മോട്ടോര്‍ വാഹനച്ചട്ടങ്ങളുടെയും ഉത്തരവുകളുടെയും കോടതി വിധികളുടെയും ലംഘനമായതിനാല്‍ ഇത്തരം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഗതാഗത കമ്മിഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സമ്പത്തിന്റെ വാഹനത്തിലെ ചുവന്ന ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.