പ്രളയ പുനര്‍ നിര്‍മാണത്തിനുള്ള വിദേശ സഹായത്തിനുള്ള കത്തോ പ്രപ്പോസലോ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം, ഇടത് സര്‍ക്കാര്‍ പ്രതിരോധത്തില്‍

Sunday 16 June 2019 4:46 pm IST

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ധനസഹായത്തിന് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി മോദി സര്‍ക്കാര്‍ വിശദീകരണം. പ്രളയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പുനര്‍ നിര്‍മാണം നടത്തുന്നതിന് ഒരു വിദേശ രാജ്യവും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുള്ള കത്തോ പ്രൊപ്പോസലോ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

നിയമസഭയില്‍ പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമര്‍പ്പിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ധനസഹായം നല്‍കുന്നതിന് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ മുഖേന സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം സംസ്ഥാനം നേരിട്ട് കൈപ്പറ്റാണ് ശ്രമിച്ചത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ മുഖേന ശ്രമിച്ചിരുന്നെങ്കില്‍ കേരളത്തിന് ഗുണം ചെയ്‌തേനെയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതില്ലാതെ പോയതാണ് പാളിച്ചയായത്. സംസ്ഥാനത്തിന് നേരിട്ട് വിദേശ സഹായം സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ഔദ്യോഗിക തലത്തില്‍ ഇത്തരം ശുപാര്‍ശകള്‍ ലഭിച്ചെങ്കില്‍ മാത്രമേ കേന്ദ്രം ഫണ്ട് സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കൂ. ഇതോടെ എന്തിനും ഏതിനും കേന്ദ്രത്തിനു മേല്‍ പഴിചാരി രക്ഷപ്പെടുന്ന സംസ്ഥനത്ത ഇടതു സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്. 

പ്രളയം മനുഷ്യ നിര്‍മിതമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ധനസഹായവും സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.