പാര്‍ലമെന്റ് സമ്മേളനം ഇന്നു മുതല്‍

Monday 17 June 2019 2:12 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ന്യൂദല്‍ഹിയില്‍ ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നു. പാര്‍ലമെന്റിലെ പുതിയ അംഗങ്ങളിലൂടെ പുത്തന്‍ ചിന്തകള്‍ ഉണരണം കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ പരിശോധിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പതിനേഴാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ ചടങ്ങ്. ഇന്നും നാളെയുമാണ് സത്യപ്രതിജ്ഞ. 

മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി അംഗം വീരേന്ദ്ര കുമാറിനെ പ്രോടേം സ്പീക്കറായി നിയോഗിച്ചു. അദ്ദേഹത്തിന് ഇന്ന് രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 19നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

20ന് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും.  ജൂലൈ 26 വരെയാണ് സമ്മേളനം. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ നാലിന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും. 30 ദിവസം സഭ ചേരും. 

സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒ ബ്രിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വരള്‍ച്ച തുടങ്ങിയവ സമ്മേളന കാലയളവില്‍ ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.