ജയം സമ്മാനിച്ചത് താഹിര്‍: ഡു പ്ലെസിസ്

Monday 17 June 2019 3:39 am IST

കാര്‍ഡിഫ്: പരിചയ സമ്പന്നായ ലെഗ് സ്പിന്നര്‍ ഇംറാന്‍ താഹിറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിജയം സമ്മാനിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാ ഡു പ്ലെസിസ്.

കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. താഹിറും പേസര്‍ ക്രിസ് മോറിസും തകര്‍ത്തെറിഞ്ഞതോടെ അഫ്ഗാനിസ്ഥാന്‍ 34.1 ഓവറില്‍ 125 റണ്‍സിന് പുറത്തായി. തുടര്‍ന്ന് 28.4 ഓവറില്‍ ഒരു വിക്കറ്റ്് നഷട്ത്തില്‍ 131 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക വിജയിച്ചു. ഈ ലോകകപ്പില്‍ അവരുടെ ആദ്യ വിജയമാണിത്.  ഏഴ് ഓവറില്‍ 29 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തിയ താഹിറാണ് കളിയിലെ കേമന്‍. ക്രിസ് മോറിന് 6.1 ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. വിജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്് ഓപ്പണര്‍ ഡി കോക്കിന്റെ (68) വിക്കറ്റാണ് നഷ്ടമായത്. അംലയും (41) ഫെഹല്‍കുവായോയും (17) കീഴടങ്ങാതെ നിന്നു.

താഹിറും മോറിസും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുള്ള കളിക്കാരനാണ് താഹിര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി താഹിര്‍ ഒറ്റയ്ക്ക് ടീമിനെ കരുത്തരാക്കിയെന്ന് ഡു പ്ലെസിസ് പറഞ്ഞു.

ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക തോറ്റു. ഒരു മത്സരം മഴയില്‍ ഒലിച്ചുപോയി. അഞ്ചു മത്സരങ്ങളില്‍ മൂന്ന് പോയിന്റുള്ള അവര്‍ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.