തിരുവനന്തപുരം: ആശുപത്രി കിടക്കയിലാണ് കുടുംബപ്രേക്ഷകരുടെ പ്രിയതാരം ശരണ്യ ശശി. കൂട്ടിനുള്ളത് കടുത്തവേദനയും ദുരിതങ്ങളും. ഷൂട്ടിംഗ് ലൊക്കേഷനിലെ വെള്ളിവെളിച്ചത്തിനു കീഴിലല്ല, ഓപ്പറേഷന് തീയേറ്ററിലെ സര്‍ജിക്കല്‍ ലൈറ്റിനു കീഴിലാണ് കുറേക്കാലമായി ഈ നടി.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ തലയോട്ടി കീറിയുള്ള ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രീചിത്ര ആശുപത്രിയില്‍ പാതിമയക്കത്തിലാണ് ഇപ്പോഴും ശരണ്യ. അരികത്ത് കാവലായി അമ്മ ഗീത മാത്രം. ആരിലും നൊമ്പരമുണര്‍ത്തുന്ന കാഴ്ച. കഴിഞ്ഞദിവസം നടന്ന ശസ്ത്രക്രിയ വിജയമായിരുന്നു. പക്ഷേ, ആ വേദനയും തളര്‍ച്ചയും അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം. ‘ചന്ദനമഴ’യിലൂടെയും ‘കറുത്തമുത്തി’ലൂടെയുമൊക്കെ മലയാളികള്‍ ഹൃദയത്തിലേറ്റിയ ഈ നടിയുടെ മുഖം കണ്ടാല്‍ ഇപ്പോള്‍ ആരും തിരിച്ചറിയില്ല.
ബ്രെയിന്‍ ട്യൂമറിനോടു പൊരുതി പലതവണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവളാണ് ശരണ്യ. ഇപ്പോള്‍ തീര്‍ത്തും അവശ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകുന്നു. ഏഴ് വര്‍ഷം മുമ്പ് രോഗത്തിന്റെ പിടിയിലായ കാലത്ത് സിനിമ, സീരിയല്‍ രംഗത്തുള്ളവരടക്കം സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ, അസുഖം വര്‍ഷാവര്‍ഷം രംഗബോധമില്ലാതെ കടന്നുവരാന്‍ തുടങ്ങിയതോടെ സഹായങ്ങളും നിലച്ചു.
ദൂരദര്ശന് സംപ്രേഷണംചെയ്ത ‘സൂര്യോദയം’ എന്ന സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ഏതാനും തമിഴ് സിനിമകളില്‍ നായികയായി. ‘ഛോട്ടാ മുംബൈ’ ഉള്‍പ്പെടെയുള്ള സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. 2012 ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. പിന്നെ ചികിത്സകളുടെ കാലം.
ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രോഗത്തെ തോല്‍പ്പിച്ച് ശരണ്യ മൂവി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തി. അഭിനയത്തില്‍ സജീവമായെങ്കിലും ഓരോവര്‍ഷവും അസുഖം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള് മുഖത്ത് ചായംതേച്ചു. കാരണം ശരണ്യയുടെ അഭിനയത്തില്‍നിന്നുള്ള വരുമാനം മാത്രമാണ് അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യയ്ക്ക് സ്വന്തമായി വീടില്ല. ഒരുപിടി മണ്ണ് സ്വന്തമാക്കാന്‍ സ്വരുക്കൂട്ടിയതൊക്കെ ഏഴു വര്‍ഷത്തെ ചികിത്സയ്ക്കായി ചെലവഴിച്ചു. ശ്രീകാര്യത്ത് വാടകയ്ക്കു വീടെടുത്താണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. ശരണ്യയ്ക്ക് സഹായവുമായി ഒപ്പമുള്ളത് നടി സീമാ ജി.നായരാണ്. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് എസ്ബിഐ നന്തന്‍കോട് ബ്രാഞ്ചില്‍ ശരണ്യ കെ.എസ്. എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നല്കുന്ന ചെറിയ സഹായങ്ങള്‍ പോലും ശരണ്യയെ ജീവിതത്തിലേക്ക്, അഭിനയലോകത്തേക്ക് തിരിച്ചു വരാനുതകും. അക്കൗണ്ട് നമ്പര്‍: 20052131013. ഐഎഫ്എസ്സി കോഡ്: എസ്ബിഐഎന്‍ 0007898.
പ്രതികരിക്കാൻ ഇവിടെ എഴുതുക: