ജോസ് കെ മാണിയുടെ ചെയര്‍മാന്‍ സ്ഥാനത്തിന് ആയുസ് 24 മണിക്കൂര്‍ മാത്രം; തെരഞ്ഞെടുപ്പ് നടപടി കോടതി സ്റ്റേ ചെയ്തു

Monday 17 June 2019 4:46 pm IST

തൊടുപുഴ:  കോട്ടയത്ത് നടന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളായ സ്റ്റീഫന്‍ ചേരിയില്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. ജോസ് കെ. മാണി, ചെയര്‍മാന്‍ പദവിയും അധികാരവും ഉപയോഗിക്കുന്നതിനും പാര്‍ട്ടി ഓഫീസ് കൈകാര്യം ചെയ്യുന്നതിനും കോടതി വിലക്കുണ്ട്. 

 തെരഞ്ഞെടുപ്പ് നടത്തുന്നതിനും ചെയര്‍മാന്‍ എന്ന ഔദ്യോഗിക നാമം പരസ്യപ്പെടുത്താനും പാടില്ല, ചെയര്‍മാനായി താന്‍ തെരഞ്ഞടുക്കപ്പെട്ടുവെന്ന് വ്യക്തമാക്കി ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പാടില്ല. മുന്‍സിഫ് മേരി ബിന്ദു ഫെര്‍ണാണ്ടസിന്റേതാണ് ഉത്തരവ്.

കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് പി.ജെ. ജോസഫും ജോസ് കെ. മാണിയും തമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പോര് തുടങ്ങിയിരുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ പാര്‍ട്ടി  പിളരുകയായിരുന്നു. കോട്ടയത്ത് ഞായാറാഴ്ച നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. 

താന്‍ വര്‍ക്കിങ് ചെയര്‍മാനായിരിക്കെ അനധികൃതമായാണ് യോഗം ചേര്‍ന്നതെന്നും ജോസ് കെ. മാണിയും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് പുറത്തായതായും പി.ജെ. ജോസഫ് ഇതിനെതിരെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കോടതി നടപടി വരുന്നത്. അതേ സമയം, ജോസഫ് വിഭാഗത്തിന്റെ നീക്കത്തെ നിയമപരമായി നേരിടാനാണ് ജോസ് കെ. മാണിയുടെ തീരുമാനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.