സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കണം; ബംഗാളില്‍ അധ്യാപകര്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി; പോലീസ് ലാത്തിവീശിയതോടെ സമരം ആക്രമാസക്തമായി

Monday 17 June 2019 7:13 pm IST
ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച അധ്യാപകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ അധ്യാപകര്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടര്‍ന്ന് ചര്‍ച്ചയാവാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞത്.

കൊല്‍ക്കത്ത: ബംഗാളില്‍ സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ നടത്തിയ പ്രതിഷേധം ആക്രമാസക്തമായി. പ്രതിഷേധത്തിനിടെ അധ്യാപകരും പോലീസുകാരും തമ്മില്‍ തെരുവില്‍ എറ്റുമുട്ടി. 

ഡിഎ വര്‍ദ്ധിപ്പിക്കുക, കരാര്‍ അധ്യാപകരുടെ ശമ്പളം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അധ്യാപകര്‍ മുന്നോട്ട് വയ്ക്കുന്നത്. അധ്യാപകരുടെ ഈ ആവശ്യങ്ങളെല്ലാം പാലിക്കാമെന്ന് നേരത്തെ മമത ബാനര്‍ജി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കാത്ത സാഹചര്യം ഉണ്ടായതോടെയാണ് അധ്യാപകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയത്. ജാഥയായി ബികാസ് ഭവനിലെ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്ക് എത്തിയ അധ്യാപകരെ പോലീസ് തടഞ്ഞു. ഇതാണ് സംഘര്‍ഷത്തിനിടയക്കിയത്. 

ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച അധ്യാപകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ അധ്യാപകര്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു. തുടര്‍ന്ന്  ചര്‍ച്ചയാവാമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞത്. 

കഴിഞ്ഞാഴ്ച ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മമത സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നതോടെയാണ് സമരം അവസാനിച്ചത്. ഇതിന് പിന്നാലെയാണ് അധ്യാപകരും പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ നടത്തിയ മികച്ച പ്രകടനത്തില്‍ അമര്‍ഷം പൂണ്ട മമത സര്‍ക്കാര്‍ സംസ്ഥാനത്ത് ആകെ അക്രമങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അടിക്കടി സംഘര്‍ഷങ്ങളാലും സമരങ്ങളാലും ബംഗാളിലെ ക്രമസമാധാനനില താറുമാറായിരിക്കുന്നതിനൊപ്പം ഇവിടുത്തെ ജനജീവിതവും ദുസഹമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.