പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്

Monday 17 June 2019 7:57 pm IST
ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്‌ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.

ശ്രീനഗര്‍: പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്‌ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.

നേരത്തെ കശ്മീരില്‍  ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. അവന്തിപൊര മേഖലയില്‍  പുല്‍വാമ മാതൃകയിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നെന്ന വിവരം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഭീകരന്‍ സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് തയാറെടുക്കുന്നുവെന്നാണ് പാക്കിസ്ഥാന്‍ കൈമാറിയ വിവരം. 

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഫ് സൈനിക വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തു നിറച്ച വാഹനം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍  ഓടിച്ചു കയറ്റിയിരുന്നു. ഈ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.  സമാനമായ ആക്രമണത്തിനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു മുന്നറിയിപ്പ്.

അതേസമയം, അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ഭീകരരെയും സുരക്ഷാ സേന വധിച്ചു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. അനന്തനാഗ് ജില്ലയിലെ അച്ചാബാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, കശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. രണ്ട് ഭീകരരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.