മാഞ്ചസ്റ്ററിലെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക് '

Tuesday 18 June 2019 3:43 am IST

മാഞ്ചസ്റ്റര്‍: തൊണ്ണൂറുകളില്‍ ഞങ്ങള്‍ ഇന്ത്യയെക്കാള്‍ മികച്ച ടീം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയാണ് ഞങ്ങളെക്കാള്‍ മികച്ച ടീമെന്ന്  പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റശേഷം പ്രതികരിക്കുകയായിരുന്നു സര്‍ഫാറസ്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം വിജയം.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 336 റണ്‍സ് എടുത്തു. പാക്കിസ്ഥാന്‍ ഇന്നിങ്ങ്‌സിനിടെ മഴ പെയ്തതിനാല്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. പക്ഷെ 40 ഓവറില്‍ പാക്കിസ്ഥാന് ആറു വിക്കറ്റിന് 212 റണ്‍സേ നേടാനായുള്ളൂ.  ലോകകപ്പില്‍  പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് കളത്തിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആഘോഷത്തിലാണ് ഇന്ത്യ.

സമ്മര്‍ദത്തെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാനായില്ല. സമ്മര്‍ദത്തെ അതിജീവിക്കുന്ന ടീം വിജയിക്കും. 90 കളിലെ പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാകുമായിരുന്നു. പക്ഷെ നിലവില്‍ ഇന്ത്യയാണ് ഞങ്ങളെക്കാള്‍ മികച്ച ടീം. അതുകൊണ്ടാണ് അവര്‍ വിജയിച്ചതെന്ന് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു.

പാക്കിസ്ഥാന്‍ തോറ്റതിനെ തുടര്‍ന്ന് സര്‍ഫ്രാസ് അഹമ്മദിനെതിരെ വിമര്‍ശനം ഉയരുകയാണ്. പാക്കിസ്ഥാന്റെ മുന്‍ താരങ്ങളും ആരാധകരും സര്‍ഫാറസിനെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ നിര്‍ദേശം അവഗണിച്ചാണ് സര്‍ഫ്രാസ് ടോസ് കിട്ടിയിട്ടും ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തത്. 

സര്‍ഫ്രാസ് ബുദ്ധിയില്ലാത്ത ക്യാപ്റ്റനെന്നാണ് മുന്‍ പേസ് ബൗളര്‍ ഷോയ്ബ് അക്തര്‍ വിശേഷിപ്പിച്ചത്.

രണ്ട് ദിവസമായി ഞങ്ങള്‍ മാഞ്ചസ്റ്ററിലെ പിച്ച് കണ്ടിരുന്നില്ല. ഇര്‍പ്പമുള്ളതുകൊണ്ടാണ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തത്. നിര്‍ണായകമായ ടോസ് ലഭിച്ചെങ്കിലും വേണ്ട വിധത്തില്‍ പ്രയോജനപ്പെട്ടില്ല. ടോസ് ലഭിച്ചിരുന്നെങ്കില്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തേനെയെന്ന് കോഹ്‌ലിയും പ്രതികരിച്ചിരുന്നെന്ന് സര്‍ഫ്രാസ് വെളിപ്പെടുത്തി.

എല്ലാ മേഖലയിലും തന്റെ ടീം പരാജയമായിരുന്നു. ഫീല്‍ഡിങ്, ബാറ്റിങ്ങ്, ബൗളിങ്ങ് എന്നിവയിലൊന്നും മികവ് കാട്ടാനായില്ല. ഇന്ത്യക്കെതിരെ കളിച്ച എല്ലാവരും കായിക ക്ഷമതയുള്ളവരായിരുന്നെന്ന് സര്‍ഫ്രാസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.