എന്‍ഡോസള്‍ഫാന്‍: നാലു കേന്ദ്രങ്ങളില്‍ വീണ്ടും വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകള്‍

Friday 22 July 2011 11:19 pm IST

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം വിവിധ രോഗങ്ങള്‍ക്കിരയായവരെ കണ്ടെത്തി ചികില്‍സിക്കാനായി ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ആഗസ്റ്റ്‌ 13 മുതല്‍ 16 വരെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാതല എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്‌ റിലീഫ്‌ ആണ്റ്റ്‌ റെമഡിയേഷന്‍ സെല്‍ യോഗം തീരുമാനിച്ചു. ബദിയടുക്കയില്‍ ആഗസ്റ്റ്‌ 13 നും, മുളിയാര്‍ 14 നും, പനത്തടി 15 നും, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ 16 നുമാണ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്‌. മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച്‌ ചികില്‍സ നിര്‍ണ്ണയിക്കും. ക്യാമ്പ്‌ നടക്കുന്ന കേന്ദ്രങ്ങളില്‍ തൊട്ടടുത്തുളള എന്‍ഡോസള്‍ഫാന്‍ ബാധിച്ച പഞ്ചായത്തുകളിലെ രോഗികള്‍ക്ക്‌ പങ്കെടുക്കാവുന്നതാണ്‌. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായവര്‍ക്ക്‌ മംഗലുപരത്തെ യോനപ്പോയ മെഡിക്കല്‍ കോളേജ്‌, ഫാദര്‍ മുളേളര്‍സ്‌ മെഡിക്കല്‍ കോളേജ്‌, വെന്‍ലോക്‌ ഗവണ്‍മെണ്റ്റ്‌ ആശുപത്രി എന്നിവിടങ്ങളിലാണ്‌ ചികില്‍സ ലഭ്യമാക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളുടെ കുടുംബത്തിന്‌ ഈ ആഴ്ച്ചതന്നെ 5 കിലോഗ്രാം വീതം ഗോതമ്പ്‌ വീടുകളില്‍ എത്തിച്ചുകൊടുക്കും. ഈയിടെയായി മഞ്ചേശ്വരത്തു നിന്നും അധികൃതര്‍ പിടികൂടിയ ഗോതമ്പാണ്‌ പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്‌. എന്‍ഡോസള്‍ഫാന്‍ ബാധിച്ച മേഖലകളിലെ ആരോഗ്യ പദ്ധതികള്‍ക്കായി 174 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ലിസ്റ്റിലുളളവരില്‍ സ്മാര്‍ട്ട്‌ കാര്‍ഡ്‌ ലഭിക്കാത്തവര്‍ക്കും ചികില്‍സ ലഭ്യമാക്കി വരുന്നതായും അധികൃതര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ചവരുടെ ലിസ്റ്റില്‍പ്പെട്ട 4,204 പേര്‍ക്കും എ പി എല്‍ - ബി പി എല്‍ ഭേദമില്ലാതെ സൌജന്യ റേഷന്‍ അനുവദിക്കണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ 694 പേര്‍ക്കാണ്‌ സൌജന്യ റേഷന്‍ ലഭിച്ചുവരുന്നത്‌. നാലു പേരുളള കുടുംബത്തിന്‌ 28 കിലോ അരിയും, നാലിലധികം അംഗങ്ങള്‍ വരുന്ന കുടുംബത്തിന്‌ ഓരോ അംഗത്തിനും ഏഴ്‌ കിലോ വീതം അധികം അരിയും ലഭ്യമാക്കണമെന്നും രോഗബാധിതരായവരില്‍ റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക്‌ ഉടന്‍ തന്നെ മറ്റു മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമാക്കാതെ റേഷന്‍ കാര്‍ഡ്‌ നല്‍കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്ലിണ്റ്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ പി കെ സുധീര്‍ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിമല്‍രാജ്‌, ജില്ലാ പഞ്ചായത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എസ്‌ കുര്യാക്കോസ്‌, പി ജനാര്‍ദ്ദനന്‍, കെ സുജാത, മമതാ ദിവാകര്‍, കെ ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ സുപ്രിയ അജിത്‌ കുമാര്‍ (പനത്തടി), എ കെ കുശല (ബെളളൂറ്‍), ജയലക്ഷ്മി എന്‍ ഭട്ട്‌ (കാറഡുക്ക), വി ഭവാനി (മുളിയാര്‍), എം അബൂബക്കര്‍ (കുമ്പഡാജെ), എം ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), സി കെ അരവിന്ദാക്ഷന്‍ (പെരിയ), പി പി നസീമ (അജാനൂറ്‍), വിഘ്നേശ്വര ഭട്ട്‌ (കളളാര്‍), സോമശേഖര (എന്‍മകജെ), ഡോ. അഷീല്‍ മുഹമ്മദ്‌, ഡോ. വൈ എസ്‌ മോഹന്‍കുമാര്‍, നാരായണന്‍ പേരിയ, കെ ബി മുഹമ്മദ്‌ കുഞ്ഞി, പി മുരളീധരന്‍, എന്‍ പി ആര്‍ പി ഡി കോര്‍ഡിനേറ്റര്‍ നസീം, സെല്‍ കണ്‍വീനര്‍ മാധവന്‍ നമ്പ്യാര്‍, ജില്ലാ ആസൂത്രണ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ എസ്‌ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.