കോടിയേരിയുടെ മകന്റെ പീഡനം ആദ്യം മുക്കിയത് സിപിഎം കേന്ദ്രകമ്മറ്റി; യെച്ചൂരിക്ക് രണ്ടുമാസം മുമ്പ് യുവതി അയച്ച പരാതി മൂടിവെച്ചു; വീണ്ടും പീഡകരെ സംരക്ഷിച്ച് പാര്‍ട്ടി

Wednesday 19 June 2019 11:50 am IST

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഉള്‍പ്പെട്ട പീഡന പരാതി പാര്‍ട്ടി നേരത്തെ അറിഞ്ഞിരുന്നെന്ന് റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് രണ്ടുമാസം മുമ്പ് തന്നെ പരാതി നല്‍കിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ സംഭവം അറിഞ്ഞിട്ടില്ലെന്ന സിപിഎമ്മിന്റെ വാദം വ്യാജമാണെന്ന് വ്യക്തമാകുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ പരാതി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.  കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നായിരുന്നു കേന്ദ്രം നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള പരാതി ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തയായതോടെ സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. 

അതിനിടെ പീഡനപരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പരിശോധിക്കും. കൂടാതെ യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും ശേഖരിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടാനാണ് പോലീസ് നീക്കം. പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയക്കുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നും അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

യുവതിക്ക് ബിനോയ് നല്‍കിയ സാമ്പത്തിക വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് അവര്‍ ഡിസംബറില്‍ അഞ്ചുകോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇത് ബിനോയ് അവഗണിച്ചതോടെയാണ് യുവതി പീഡനാരോപണവുമായി ഈ മാസം 13ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.