ഓം ബിർള ചുമതലയേറ്റു: രാഷ്ട്രപുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകള്‍ പ്രശംസിക്കപ്പെടേണ്ടത്-മോദി

Wednesday 19 June 2019 12:11 pm IST

ന്യൂദൽഹി: രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ഓം ബിർള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചു. മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. തുടർന്ന് പ്രധാനമന്ത്രി ബിർളയെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. 

ഒരു ജനപ്രതിനിധി എന്ന നിലയിൽ അവിസ്മരണീയമായ സംഭാവനകൾ രാജ്യത്തിന് നൽകിയ വ്യക്തിയാണ് ഓം ബിർളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിൻറെ ഇതുവരെയുള്ള പ്രവർത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്. രാജസ്ഥാൻറെ വളർച്ചയിൽ തൻറേതായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട് - മോദി പറഞ്ഞു.

രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ഓം ബിർള കോൺഗ്രസ്സിന്റെ രാം നാരായൺ മീണയെ രണ്ടര ലക്ഷത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുവമോർച്ചയുടെ മുൻ ദേശീയ വൈസ് പ്രസിഡന്റും രാജസ്ഥാൻ അധ്യക്ഷനുമായിരുന്നു. 2001ലെ ഗുജറാത്ത് ഭൂകമ്പകാലത്ത് ഡോക്ടർമാർ ഉൾപ്പെടെ നൂറോളം പേരടങ്ങുന്ന സംഘവുമായി ബിർള ഗുജറാത്തിൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയോധ്യ പ്രക്ഷോഭത്തിൽ അറസ്റ്റിലായി ജയിൽവാസമനുഷ്ഠിച്ചു. 2004 മുതൽ 2008 വരെ രാജസ്ഥാൻ സർക്കാരിന്റെ പാർലമെന്ററി സെക്രട്ടറിയായിരുന്നു. വനിതകൾക്കും ദിവ്യാംഗർക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

രണ്ടാം തവണ എംപിയായ ഓം ബിർള കോട്ട-ബൂന്ദി മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ എംഎൽഎയായിരുന്നു. സാധാരണയായി ദീർഘകാലം എംപിയായവരെയാണ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2014ൽ സ്പീക്കറായ സുമിത്രാ മഹാജൻ എട്ട് തവണ എംപിയായിരുന്നു.

75 വയസ് പിന്നിട്ടതിനാൽ ഇത്തവണ പാർട്ടി തീരുമാനപ്രകാരം അവർ മത്സരിച്ചിരുന്നില്ല. രണ്ടു തവണ മാത്രം എംപിയായിട്ടുള്ളവർ ഇതിന് മുൻപും സ്പീക്കറായിട്ടുണ്ട്. ഒരു തവണ എംപിയായ ശിവസേന നേതാവായിരുന്ന മനോഹർ ജോഷിയാണ് കുറഞ്ഞ പ്രവൃത്തി പരിചയമുണ്ടായിരുന്ന സ്പീക്കർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം നഷ്ടപ്പെട്ടെങ്കിലും ലോക്സഭയിൽ മുഴുവൻ സീറ്റുകളും ബിജെപി നേടി. രാജസ്ഥാനിൽ നിന്നുള്ള മൂന്ന് പേർ മന്ത്രിസഭയിലുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.