ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പോലീസ് സംഘം കണ്ണൂരില്‍; കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതേക്കും

Wednesday 19 June 2019 4:55 pm IST

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി. ഇന്ന് ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ എത്തിയത്. ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ ബനോയിയുടെ കുടുംബാങ്ങളെയും ചോദ്യം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

അതേസമയം ബിനോയ്‌ക്കെതിരെയുള്ള നടപടികള്‍  മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. നാളെ പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.  

ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്‌.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. ബിനോയി കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മുംബൈ പോലീസ് കടക്കും. 

യുവതിയുടെ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ എട്ടു വയസ്സുള്ള കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ കോളത്തില്‍ ബിനോയി കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസന്വേഷണത്തിനായി മുംബൈ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. വേണമെങ്കില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഓഷിവാര പോലീസ് അറിയിച്ചു. ബിനോയിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാട്സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവയാണ് പോലീസ് ശേഖരിക്കുന്നത്. 

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പോലീസിന് യുവതി കൈമാറിയിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കി ബിനോയി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. അതേസമയം അറസ്റ്റ് ഒഴിവാക്കാനായി ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.