മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ 'അമൃത്' കേരളം അട്ടിമറിക്കുന്നു; ഇഷ്ടക്കാരെ തിരുകി കയറ്റിയും പുറം കരാര്‍ നല്‍കിയും കോടികളുടെ ധൂര്‍ത്ത്; ഇതുവരെ വകമാറ്റിയത് 500 കോടി

Wednesday 19 June 2019 5:44 pm IST

കൊച്ചി: സംസ്ഥാനങ്ങളുടെ നഗര വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ' അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതി' പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. നഗര വികസന പദ്ധതിയില്‍ നിന്ന്  വകമാറ്റി ചെലവഴിച്ചത്  500 കോടിയോളം രൂപയാണ് . പദ്ധതിയുടെ മേല്‍നോട്ടത്തിനെന്ന പേരില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മായി മാത്രം ഇതുവരെ നല്‍കിയത് 72 ലക്ഷത്തില്‍ അധികം രൂപ. എന്നാല്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാറായിട്ടും ഇതുവരെ ഒന്നും പൂര്‍ത്തിയാക്കിയിട്ടുമില്ല. ഇഷ്ടക്കാരെ പുതിയ തസ്തികകള്‍ ഉണ്ടാക്കി നിയമിച്ചും ഇഷ്ടക്കാര്‍ക്ക് കോടികളുടെ കരാര്‍ നല്‍കിയും വലിയ ധൂര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന്.

പദ്ധതിയുടെ മേല്‍നോട്ടത്തിനെന്ന പേരില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മായി മാത്രം ഒരുകോടിയോളം അധികം നല്‍കി. അമൃത് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ 24 വിദഗദ്ധര്‍ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ തന്നെ സ്റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ ആറും, ഒമ്പത് സിറ്റി മിഷന്‍ മേനേജ്‌മെന്റ് യൂണിറ്റില്‍ രണ്ടു പേര്‍ക്കുമാണ് അനുമതിയുള്ളത്. എന്നാല്‍ ഇവരെ നയിക്കാന്‍ നിയമിതനായിട്ടുള്ള ഐഎഎസ് ഓഫീസറായ മിഷന്‍ ഡയറക്ടറുടെ ശമ്പളം സംസ്ഥാനം വഹിക്കണമെന്നാണ് നിയമം. 

2015 ജൂണിലാണ് പദ്ധതി ആരംഭിക്കുന്നത്. അതുമുതല്‍ 2018 ജൂണ്‍ വരെയുള്ള മൂന്നവര്‍ഷം മിഷന്‍ ഡയറക്ടര്‍ക്ക് കേന്ദ്ര ഫണ്ടില്‍ നിന്നാണ് ശമ്പളം നല്‍കിയിരിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തെ കാറ്റില്‍പ്പറത്തി കാലഹരണപ്പെട്ട പദ്ധതിയായ കെഎസ്യുഡിപിയുടെ ഏഴോളം ജീവനക്കാര്‍ക്കും അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശമ്പളമായി  കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രം നല്‍കുന്ന ഫണ്ട് സംസ്ഥാനങ്ങള്‍ വാങ്ങുന്നതിനോ ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നതിനോ മോടി പിടിപ്പിക്കുന്നതിനോ, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനോ, പദ്ധതി ഇതര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ വിനിയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉള്ളപ്പോഴാണ്  നിയമ ലംഘനം. പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ കേന്ദ്രം ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുമുള്ളതാണ്.

എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി കഴിഞ്ഞ മാസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നൊരു തസ്തിക കൂടി സംസ്ഥാനം  സൃഷ്ടിച്ചിട്ടുണ്ട്. അതിനിടെ അമൃത് സിറ്റി മിഷന്‍ മാനേജ്‌മെന്റിലെ 12 ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചാണ് നല്‍കി വരുന്നത്. അവശേഷിക്കുന്ന അഞ്ച് പദ്ധതിയുടെ ഡിപിആറുകള്‍ സമയബന്ധിതമായി ഇനിയും നല്‍കാത്തതാണ് ശമ്പളം കുറഞ്ഞതിന്റെ കാരണം കാണിക്കുന്നത്. എന്നാല്‍ സ്ഥലം തന്നെ കണ്ടെത്താത്ത പദ്ധതികള്‍ക്കെങ്ങിനെ ഡിപിആര്‍ തയ്യാറാക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

കേന്ദ്ര മര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം സ്ഥലമെങ്കിലും വകയിരുത്തിയെങ്കില്‍ മാത്രമേ ഡിപിആര്‍ തയ്യാറാക്കാന്‍ സാധിക്കൂവെന്ന് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയം ഭരണ വകുപ്പിനേയും സംസ്ഥാനത്തേയും അറിയിച്ചെങ്കിലും പിടിച്ചുവെച്ച ശമ്പളം തിരിച്ചു നല്‍കാന്‍ സംസ്ഥാനവും തയ്യാറായിട്ടില്ല. ഇത്തരത്തില്‍ 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. പദ്ധതിയുടെ കാലാവധിക്കുള്ളില്‍ ഈ ബാധ്യത തീര്‍ത്തില്ലെങ്കില്‍ ശമ്പളക്കുടിശ്ശിക സംസ്ഥാന ഖജനാവില്‍ നിന്ന് നല്‍കണമെന്നാണ് കരാര്‍. എന്നാല്‍ അതും അമൃതില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്  പിഡിഎംസി കണ്‍സള്‍ട്ടന്റിനെ ഒഴിവാക്കി ചെറുകിട കണ്‍സള്‍ട്ടന്റിനെ നിയമിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ കരാര്‍ പ്രകാരം കണ്‍സള്‍ട്ടന്റിന് 25 കോടിയാണ് വകയിരുത്തിയത്. ഇത് ഒഴിവാക്കി ആറ് ചെറുകിട കണ്‍സള്‍ട്ടന്റുകള്‍ക്കാണ് സംസ്ഥാനം പിന്നീട് കരാര്‍ മാറ്റി നല്‍കിയത്. 45 കോടിയാണ് ഇവര്‍ക്കുള്ള കരാര്‍ വിഹിതം. ഒരു കണ്‍സള്‍ട്ടന്‍സിക്ക് മാത്രം 18 കോടി ഫീസിനത്തില്‍ നല്‍കി.കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ കണ്‍സള്‍ട്ടന്‍സിക്ക് 450 കോടിയുടെ കരാറുകളും വിവിധ നഗരസഭകള്‍ നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.