ജിഎംആറിന്‌ അനുകൂലമായി സിംഗപ്പൂര്‍ കോടതി വിധി

Monday 3 December 2012 10:35 pm IST

ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യ നിര്‍മാണ കമ്പനിയായ ജിഎംആറിന്‌ ആശ്വാസം നല്‍കിക്കൊണ്ട്‌ കോടതി ഉത്തരവ്‌. മാലി എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം തുടരുന്നതിനുള്ള അനുമതിയാണ്‌ സിംഗപ്പൂര്‍ കോടതി നല്‍കിയിരിക്കുന്നത്‌. കരാര്‍ റദ്ദാക്കിയ നടപടി സിംഗപ്പൂര്‍ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മാലിദ്വീപിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ പദ്ധതിയ്ക്കാണ്‌ ജിഎംആര്‍ നേതൃത്വം നല്‍കുന്നത്‌. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണപോലെ തുടരാനാണ്‌ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്ന്‌ കമ്പനി വ്യക്തമാക്കി. മാലി എയര്‍പോര്‍ട്ടിന്റെ വികസനത്തിനായി ജിഎംആറിന്‌ നല്‍കിയ 500 ദശലക്ഷം ഡോളറിന്റെ കരാറാണ്‌ ഏകപക്ഷീയമായി മാലി സര്‍ക്കാര്‍ തള്ളിയത്‌. കരാര്‍ അവസാനിപ്പിക്കുവാനുള്ള തീരുമാനം ക്യാബിനറ്റ്‌ യോഗത്തിലാണ്‌ കൈക്കൊണ്ടതെന്ന്‌ പ്രസിഡന്റിന്റെ പ്രസ്‌ സെക്രട്ടറി മസൂദ്‌ ഇമാദ്‌ പറഞ്ഞിരുന്നു. അതേസമയം, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേല്‍നോട്ടം വഹിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം മാലി സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രതിരോധ, ഗതാഗത വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ നസീം ആണ്‌ ഇക്കാര്യം അറിയിച്ചത്‌. അതേസമയം ഈ നടപടി സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവിന്‌ എതിരായിട്ടുള്ളതാണ്‌. തലസ്ഥാനമായ മാലിയില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തിന്റെ നിയന്ത്രണം ശനിയാഴ്ച മുതലാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും നസീം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.സര്‍ക്കാരിന്റെ തീരുമാനം വളരെ വ്യക്തമാണെന്നും ഇതില്‍ നിന്നും പിന്നോട്ട്‌ പോകില്ലെന്നും യുകെയിലും സിംഗപ്പൂരിലുമുള്ള തങ്ങളുടെ അഭിഭാഷകരുടെ നിയമോപദേശം അനുസരിച്ചാണ്‌ ഈ തീരുമാനമെടുത്തതെന്നും മസൂദ്‌ ഇമാദ്‌ പറഞ്ഞു. സിംഗപ്പൂര്‍ കോടതിയുടെ ഉത്തരവ്‌ ജഡ്ജിയ്ക്ക്‌ നിയമ വ്യാഖ്യാനത്തില്‍ വന്ന പിശക്‌ കൊണ്ടായിരിക്കാമെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പരമാധികാര രാജ്യത്തിനെതിരെ ഇത്തരത്തിലൊരു നിരോധന ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക്‌ സാധിക്കില്ലെന്നും ഇമാദ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.