അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. പാവപ്പെട്ടവര്‍ക്ക് വീടും സ്ത്രീ ശാക്തീകരണവുമാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. കര്‍ഷകരെയും നഗരവാസികളേയും തൃപ്തിപ്പെടുത്തുന്ന ജനപ്രിയ പദ്ധതികള്‍ പത്രികയിലുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസങ്ങള്‍ അവശേഷിക്കെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. വികസനത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വന്‍കിട ജലസേചന പദ്ധതികള്‍ മുതല്‍ പാവങ്ങള്‍ക്ക് വീടും റോഡുകളുടെയും ഹൈവേകളുടെയും വികസനവും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധികാരത്തിലേറിയാല്‍ പാവങ്ങള്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് 50 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് ജനപ്രിയ പദ്ധതിയില്‍ പറയുന്നു. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കും. കൂടുതല്‍ ഭൂമി കൃഷിയോഗ്യമാക്കും. വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതികളും പ്രകടന പത്രികയിലുണ്ട്. കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.
ഗുജറാത്തിനോടുള്ള തന്റെ ഉത്തരവാദിത്തമാണ് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ പ്രകടനപത്രികയെന്ന വാക്ക് ഒഴിവാക്കി ‘സങ്കല്പ പത്ര’യെന്ന് വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും മോഡി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് 22 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ തലങ്ങളില്‍ കോള്‍ഡ് സ്റ്റോറേജുകളും അഗ്രോ പ്രോസസിംഗ് യൂണിറ്റുകളും തുടങ്ങും. ഗോത്രമേഖലയിലെ കര്‍ഷകര്‍കര്‍ക്കായി 4125 കോടിയുടെ ജലസേചന പദ്ധതിയും പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജോല്‍പ്പാദനം ഇരട്ടിയാക്കും. 14 ഹെക്ടര്‍ ഭൂ മിയിലേക്ക് കൂടി ജലസേചന പദ്ധതികള്‍ ആരംഭിക്കും. സൂറത്ത്, വഡോദര, രാജ്കോട്ട്,വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ നിര്‍മ്മിക്കും. എല്ലാവര്ക്കും കുടിവെള്ളം, സ്ത്രീകള്‍ക്കും വേണ്ടി മാത്രം കോടികള്‍. 30 ലക്ഷം യുവാക്കള്‍ക്ക് പുതിയ തൊഴില്‍ മേഖല, പെണ്‍കുട്ടികളുടെ ജനനത്തെ പ്രോത്സാഹിപ്പിക്കുന്ന കുടുംബാഗംങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.
ദരിദ്ര, മധ്യവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ വക ഇംഗ്ലീഷ് മീഡിയം സ്ക്കൂള്, വാര്‍ധക്യ സഹജമായ അസുഖമുള്ളവര്‍ക്ക് ചികിത്സക്കായി പ്രത്യേകം വാര്‍ഡുകള്‍, മുതിര്‍ന്ന പൗരന്മാര്ക്കായി ആശുപത്രികളില്‍ സണ്‍ഡെ ഓപികള്‍, യുവാക്കള്‍ക്കും കായികതാരങ്ങള്‍ക്കും വേണ്ടി പ്രത്യേകം പദ്ധതികള്‍ എന്നിവയാണ് പ്രകടനപത്രികയില്‍ എടുത്ത് പറഞ്ഞിരിക്കുന്നത്. ഈ മാസം 13,17 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: