ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം : ക്രൈംബ്രാഞ്ച്‌ പുനരന്വേഷിക്കും

Tuesday 4 December 2012 11:20 am IST

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധം ക്രൈം ബ്രാഞ്ച്‌ പുനരന്വേഷിക്കും. ക്രൈം ബ്രാഞ്ച്‌ കോഴിക്കോട്‌ യൂണിറ്റിനാണ്‌ അന്വേഷണ ചുമതല. ഡിവൈഎസ്പി ഷൗക്കത്തലിയാണ്‌ അന്വേഷണസംഘത്തിന്റെ തലവന്‍. 1999 ഡിസംബര്‍ 1നാണ്‌ ജയകൃഷ്ണന്‍ മാസ്റ്റര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടത്‌. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത്‌ ഈസ്റ്റ്‌ മൊകേരി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ജയകൃഷ്ണന്‍ മാസ്റ്റര്‍. സ്കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോഴാണ്‌ മാര്‍ക്സിസ്റ്റുകാരായ അക്രമികള്‍ സായുധരായെത്തി പിഞ്ചുകുട്ടികളുടെ മുന്നിലിട്ട്‌ ജയകൃഷ്ണന്‍മാസ്റ്ററെ തുണ്ടുതുണ്ടാക്കിയത്‌. ഈ കേസിലെ ഏതാനും പ്രതികള്‍ക്ക്‌ ഹൈക്കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി ജീവപര്യന്തമാക്കി മാറ്റിയിരുന്നു. ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ജീവപര്യന്തം ശിക്ഷയ്ക്ക്‌ വിധിച്ച പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പുനരന്വേഷണത്തിന്‌ ഉത്തരവായിരിക്കുന്നത്‌. പ്രതിചേര്‍ത്തവര്‍ യഥാര്‍ത്ഥ പ്രതികളെല്ലെന്നായിരുന്നു രജീഷിന്റെ മൊഴി. ജയകൃഷ്ണന്റെ അമ്മയും ബിജെപിയും കേസന്വേഷണം സിബിഐയ്ക്ക്‌ വിടണം എന്നാണ്‌ ആവശ്യപ്പെടുന്നത്‌. ഇതിനുവേണ്ടി നിരന്തരം സമരങ്ങളും നടത്തിവരികയാണ്‌. കൊന്നവരേയും കൊല്ലിച്ചവരേയും വെളിച്ചത്തുകൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം പര്യാപ്തമല്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.കെ. കൃഷ്ണദാസ്‌ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.