രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡലിന്‌ ശുപാര്‍ശ ചെയ്തിരുന്ന ആള്‍ സ്വര്‍ണ മോഷണത്തിന്‌ പിടിയില്‍

Friday 22 July 2011 11:31 pm IST

പാലാ: തൊഴില്‍ സ്ഥാപനത്തില്‍ നിന്നും സഹപ്രവര്‍ത്തകണ്റ്റെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പോലീസ്‌ പിടികൂടി. പുലിയന്നൂറ്‍ പാറശേരില്‍ ഉണ്ണിയെന്നു വിളിക്കുന്ന സനീഷ്‌(28), ഏഴാച്ചേരി നെല്ലിക്കത്തറയില്‍ രാഹുല്‍(22), പുലിയന്നൂറ്‍ ഇടപ്പള്ളിക്കുളത്ത്‌ ശശിധരന്‍(66) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. രക്തദാനം, അവയവദാനം എന്നീ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്‌ മാതൃകയായ ഉണ്ണിക്ക്‌ രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന്‌ സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ്‌ ശുപാര്‍ശ ചെയ്തിരിക്കുമ്പോഴാണ്‌ അധാര്‍മ്മിക പ്രവര്‍ത്തനത്തിന്‌ ഇയാള്‍ പോലീസ്‌ പിടിയിലാകുന്നത്‌. പാലാ മുരിക്കുംപുഴയിലുള്ള ജിജോ സ്റ്റീല്‍ഇന്‍ഡസ്ട്രീസില്‍ ജീവനക്കാരനായ കുന്നില്‍ബാലന്‍ എന്നയാളുടെ മോതിരം മോഷ്ടിച്ച കേസിലാണ്‌ സഹപ്രവര്‍ത്തകന്‍കൂടിയായ ഉണ്ണിയേയും സുഹൃത്തുക്കളെയും പോലീസ്‌ പിടികൂടിയത്‌. പാലാ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡു ചെയ്തതായി എസ്‌ഐ ജോയിമാത്യു പറഞ്ഞു.