ദുരന്തം കയ്യെത്തും ദൂരത്ത്‌

Friday 22 July 2011 11:39 pm IST

എരുമേലി; 'എല്ലാവരും ഉപേക്ഷിച്ചു, വരുമ്പോഴൊക്കെ മോഹനവാഗ്ദാനങ്ങള്‍ മാത്രം. ഞങ്ങളെ ഈ ദുരിതത്തില്‍ നിന്നും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയ്യാറാകുന്നുമില്ല.' കഴിഞ്ഞ 40 വര്‍ഷമായി എരുമേലി കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയോരത്തായി ചെമ്പകത്തുങ്കല്‍ പാലത്തിനു സമീപം റോഡ്‌ പുറമ്പോക്കില്‍ താമസിക്കുന്ന ൯൫ വയസുള്ള കാസീംബീവിയും കുടുംബവും കേഴുകയാണിന്ന്‌. വര്‍ഷങ്ങളായി റോഡ്‌ വീതി കൂട്ടലുമായി ബന്ധപ്പെട്ടവര്‍ വീട്ടില്‍ കയറിയിറങ്ങുന്നു. പുറമ്പോക്കില്‍ നിന്നും മാറാം. പക്ഷേ വേറെ താമസിക്കാന്‍ സ്ഥലവും വീടും നിങ്ങള്‍ നല്‍കണം. ബിവിയുടെ ആവശ്യത്തിന്‌ ഉത്തരം നല്‍കാനാവാതെ നട്ടംതിരിയുന്നവര്‍ ഒന്നോര്‍ക്കുക. ബിവിയും പേരക്കുട്ടികളുമായി ൫ ജീവനുകളാണ്‌ തകര്‍ന്നുവീഴാറായ റോഡരികിലെ വീട്ടില്‍ ഭയപ്പാടോടെ കഴിയുന്നത്‌. അനാസ്ഥയുടെ കറപുരണ്ട ജലവിതരണവകുപ്പും, കൂട്ടായി പൊതുമരാമത്ത്‌ വകുപ്പും സമ്മാനിച്ചതാണ്‌ ഈ ദുരിതങ്ങളെന്നും ബിവി സാക്ഷ്യപ്പെടുത്തുന്നു. പൈപ്പ്‌ പൊട്ടി റോഡ്‌ കുണ്ടും കുഴിയുമായി, കുഴിയടച്ചു, കുഴികള്‍ കുളങ്ങളായി ചീറിപ്പായുന്ന വാഹനങ്ങളുടെ നടുക്കത്തില്‍ വീട്‌ താഴേ വീഴാതിരിക്കാനാണ്‌ റോഡിണ്റ്റെ ഒരുവശത്ത്‌ റബ്ബര്‍ മരക്കഷണങ്ങള്‍ നിരത്തി ഈ കുടുംബം സ്വയരക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്‌. കുടുംബത്തെ പുനഃരധിവസിപ്പിക്കാന്‍ പണമില്ലെന്നാണ്‌ ഉത്തരവാദപ്പെട്ടവര്‍ പറയുന്നതെന്നും തങ്ങളെ ഇനിയും അവഗണിച്ചാല്‍ മരണം വരെ ഈ വീട്ടില്‍ത്തന്നെ കഴിയുമെന്നും സബീന പറഞ്ഞു. പിഞ്ചുകുട്ടികളെയുമെടുത്ത്‌ തെരുവിലിറങ്ങാന്‍ കൂലിപ്പണിക്കാരനായ സലീമിന്‌ കഴിയില്ല. അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്‌. തീരുമാനങ്ങളെടുക്കേണ്ടത്‌ ഭരണാധികാരികളാണ്‌. തോടിനും റോഡിനുമിടയിലുള്ള പുറമ്പോക്ക്‌ ഭൂമിയിലെ വീട്‌ നിയമപരമായി നീക്കാന്‍ കഴിയാതെ വട്ടംകറങ്ങുകയാണ്‌ അധികൃതര്‍. ബിവിക്കും കുടുംബത്തിനും ഇഎംഎസ്‌ ഭവനപദ്ധതിയില്‍ സ്ഥലവും വീടും നല്‍കാന്‍ ഗ്രാമസഭയില്‍ തീരുമാനിച്ചിരിക്കുകയാണെന്ന്‌ വാര്‍ഡംഗം ബീനാ അഷറഫ്‌ പറഞ്ഞു. വാന്‍ അപകടമാണ്‌ ഇവിടെയുള്ളത്‌. എത്രയുംവേഗം നടപടിയെടുക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.