സര്‍ക്കാര്‍ ന്യൂനപക്ഷമായി

Thursday 6 December 2012 11:20 am IST

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ത്ത്‌ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഒറ്റപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത 17 പാര്‍ട്ടികളുടെ പ്രതിനിധികളില്‍ 14 പേരും വിദേശനിക്ഷേപം അനുവദിച്ച തീരുമാനത്തെ എതിര്‍ത്തതോടെ ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ആര്‍ജെഡിയുടെ ലാലുപ്രസാദ്‌ യാദവും എന്‍സിപിയുടെ പ്രഫുല്‍ പട്ടേലും മാത്രമാണ്‌ പ്രമേയത്തെ എതിര്‍ത്ത്‌ സര്‍ക്കാരിന്‌ അനുകൂലമായി സംസാരിച്ചത്‌.
ചര്‍ച്ചയ്ക്കൊടുവില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരായ പ്രമേയം ലോക്‌ സഭയില്‍ വോട്ടിനിട്ടു. പ്രമേയത്തെ അനുകൂലിച്ച്‌ 218 വോട്ടും എതിര്‍ത്ത്‌ 253 വോട്ടും ലഭിച്ചു. ഫെമ ഭേദഗതിയും പാസ്സായി. പ്രതീക്ഷിച്ച പോലെ ബിഎസ്പിയിലും എസ്‌ പിയിലുംപെട്ട 43 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി സര്‍ക്കാരിനെ സഹായിച്ചു.
ബസുദേവ്‌ ആചാര്യ (സിപിഐ ), ശരത്‌ യാദവ്‌ (ഐക്യജനതാദള്‍), ഭര്‍തൃഹരി മഹാതഖ്‌ (ബിജെഡി), അനന്ത്‌ ഗീതെ (ശിവസേന), ജയന്ത്‌ ചൗധരി (ആര്‍എല്‍ഡി). ഗുരുദാസ്‌ ദാസ്‌ ഗുപ്ത (സിപിഐ), പ്രഫുല്‍ പട്ടേല്‍ (എന്‍സിപി) ലാലുപ്രസാദ്‌ യാദവ്‌ (ആര്‍ജെഡി), മുരളീ മനോഹര്‍ ജോഷി (ബിജെപി) എച്ച്‌ ഡി ദേവഗ്ഡ (ജനതാദള്‍) ദീപേണ്ടര്‍ ഹൂഡ (കോണ്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ ചര്‍ച്ചയ്ക്ക്‌ മറുപടി നല്‍കി. പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌ സംസാരിച്ചു. ഇന്നലെ രാവിലെ പുനരാരംഭിച്ച ചര്‍ച്ച വൈകിട്ട്‌ ആറോടെ പൂര്‍ത്തിയായി. ഇടയ്ക്ക്‌ സഭ ബഹളം മൂലം നിര്‍ത്തി. ലാലുപ്രസാദ്‌ യാദവ്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ബഹളം. ബിജെപി എം.പിമാര്‍ക്കെതിരെ ലാലു നടത്തിയ പരാമര്‍ശമാണ്‌ ബഹളത്തിനിടയാക്കിയത്‌. പരാമര്‍ശം നീക്കിയെങ്കിലും സഭ ബഹളത്തില്‍ മുങ്ങി. മൂന്നര വരെ നിര്‍ത്തി. മൂന്നരയ്ക്ക്‌ ചര്‍ച്ച പുനരാരംഭിച്ചു. ലാലു പരാമര്‍ശം പിന്‍വലിച്ചു. ഫെമ നിയമഭേദഗതിയും ചര്‍ച്ച ചെയ്തു.
ബിജെപിയിലെ സുഷമ സ്വരാജ്‌ ചട്ടം 184 അനുസരിച്ച്‌ നല്‍കിയ പ്രമേയമാണ്‌ ചര്‍ച്ചയ്ക്കെടുത്തത്‌. ചില്ലറവില്‍പ്പന മേഖലയില്‍ അനുവദിച്ച 51 ശതമാനം വിദേശ നിക്ഷേപം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നതാണ്‌ പ്രമേയം. വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള 'ഫെമ' നിയമത്തില്‍ ഭേദഗതിവരുത്തിയ വിജ്ഞാപനത്തില്‍ ഭേദഗതി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയിയും കോണ്‍ഗ്രസിലെ ഹസ്സന്‍ഖാനും നല്‍കിയ പ്രമേയവും ഒന്നിച്ചാണ്‌ ചര്‍ച്ചയ്ക്കെടുത്തത്‌.
വിദേശ നിക്ഷേപത്തിന്‌ അനുകൂലമായി പുറത്ത്‌ പറഞ്ഞ കാര്യങ്ങളൊന്നും സഭയില്‍ സ്ഥാപിക്കാനാകാതെ കോണ്‍ഗ്രസ്‌ കുഴയുന്നത്‌ ചര്‍ച്ചയില്‍ കണ്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കള്ളക്കളി തുറന്നു കാട്ടാന്‍ പ്രതിപക്ഷത്തിന്‌ സാധിച്ചു.
കര്‍ഷകര്‍ക്ക്‌ കൂടുതല്‍ ജോലിയും മികച്ച വിലയും കിട്ടുമെന്നതായിരുന്നു സര്‍ക്കാരിന്റെ വാദം. കൂടുതല്‍ ജോലി നല്‍കണമെങ്കില്‍ ഇന്ത്യയില്‍ തന്നെയുള്ള കുത്തക കമ്പനികള്‍ പോരെ. വാള്‍മാര്‍ട്ട്‌ വേണമെന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. സര്‍ക്കാരുകളുടെ തൊഴില്‍ നയത്തിന്‌ അനുസരിച്ചാണ്‌ തൊഴില്‍ അവസരങ്ങള്‍ കൂടുകയും കുറയുകയും ചെയ്യുന്നത്‌. അല്ലാതെ വിദേശ നിക്ഷേപം മൂലമല്ലെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നിലും സര്‍ക്കാരിന്‌ മറുപടിയില്ലായിരുന്നു.
കര്‍ഷകരില്‍ നിന്നും ആവശ്യക്കാരിലേക്കുള്ള വിതരണ ശൃംഖല വാള്‍മാര്‍ട്ട്‌ വന്നാല്‍ മികച്ചതാകും എന്നതായിരുന്നു രണ്ടാമത്തെ വാദം. ഭക്ഷ്യ സംസ്കരണ മേഖലയിലും മറ്റും ഇപ്പോള്‍ 100 ശതമാനം വിദേശ നിക്ഷേപമുണ്ട്‌. അതിനാല്‍ ഇതിന്റെ വിതരണ ശൃംഖല വീട്ടുപടിക്കലെത്തി എന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ തന്നെ നടപ്പാക്കുന്ന പദ്ധതികളൊന്നും ഫലപ്രദമായില്ലെന്ന്‌ പ്രഖ്യാപിക്കുക കൂടിയാണ്‌ വാള്‍മാര്‍ട്ടിനെ പിന്തുണയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്തത്‌. മികച്ച മാര്‍ക്കറ്റുകളുണ്ടെങ്കില്‍ കര്‍ഷകന്‌ നല്ല വില കിട്ടും. അധിക ഉല്‍പാദനമുണ്ടാകുമ്പോള്‍ മാത്രമാണ്‌ ഇപ്പോള്‍ പച്ചക്കറിയും അരിയും മറ്റും കയറ്റി അയക്കുന്നത്‌. ഇതു സംബന്ധിച്ച നയം മാറ്റിയാല്‍ തന്നെ കര്‍ഷകന്‌ നല്ല വില കിട്ടും. അതിന്‌ വാള്‍മാര്‍ട്ട്‌ വന്ന്‌ അരി വാങ്ങി കയറ്റി അയക്കണമെന്നില്ല. കര്‍ഷകന്‌ ആഭ്യന്തര മാര്‍ക്കറ്റില്‍ തന്നെ നല്ല വില ലഭ്യമാകുമെന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്വതന്ത്ര വിപണിയുണ്ടാകണമെന്നു മാത്രം.
നിര്‍ഭാഗ്യവശാല്‍ അതില്ല. ഇടനിലക്കാരാണ്‌ വിപണി നിയന്ത്രിക്കുന്നത്‌. മറ്റൊരു ഇടനിലക്കാരനായി വാള്‍മാര്‍ട്ട്‌ വന്നതുകൊണ്ട്‌ ആഭ്യന്തര വിപണിയില്‍ എന്തുമാറ്റമുണ്ടാകാനാണ്‌, പ്രതിപക്ഷം ചോദിച്ചു. രാഷ്ട്രീയ കാപട്യത്തിനപ്പുറം കാതലായ ഈ പ്രശ്നങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ സര്‍ക്കാരിനെ പിന്തുണച്ച്‌ സംസാരിച്ചവര്‍ക്ക്‌ കഴിഞ്ഞില്ല.
അതേസമയം പ്രതിപക്ഷം എഫ്ഡിഐ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പൂര്‍ണ്ണ ചിത്രം സഭയില്‍ അവതരിപ്പിക്കുയും ചെയ്തു. പ്രമേയം അവതരിപ്പിച്ച്‌ സംസാരിച്ച പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജിന്റെ പ്രസംഗം വിഷയത്തിന്റെ കാമ്പെല്ലാം ഉള്‍കൊണ്ട്‌ ആറ്റിക്കുറുക്കിയതായിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അസ്വസ്ഥതയുണ്ടാക്കിയ സുഷമയുടെ വാക്കുകള്‍ക്കൊന്നും മറുപടി പറയാന്‍ സര്‍ക്കാരിന്‌ വേണ്ടി പ്രസംഗിച്ച കപില്‍ സിബലിനോ പ്രഫുല്‍ പട്ടേലിനോ കഴിഞ്ഞില്ല. പ്രതിപക്ഷ കക്ഷികള്‍ എല്ലാം സര്‍ക്കാരിന്റെ ഭാഗമായ ഡിഎംകെയും അടുത്തകാലം വരെ ഭാഗമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും പുറത്തുനിന്നു പിന്തുണയ്ക്കുന്ന മമതയും മുലായവും എഫ്ഡിഐ ഭീഷണി വരച്ചു കാട്ടി.
ഗൗരവമുള്ള ചര്‍ച്ചയായിട്ടും കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സോണിയാ ഗാന്ധിയോ മകന്‍ രാഹുല്‍ ഗാന്ധിയോ വായ്‌ തുറക്കാതിരുന്നതും ശ്രദ്ധേയമായി.
>> പി. ശ്രീകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.