സൊമാലിയയില്‍ വിദേശ സന്നദ്ധസംഘടനകളെ നിരോധിച്ചു

Saturday 23 July 2011 11:43 am IST

മൊഗാദിഷു: സൊമാലിയയില്‍ വിദേശ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക് തീവ്രവാ‍ദ സംഘടന നിരോധിച്ചു. ദാരിദ്യ്രവും പട്ടിണിയും രൂക്ഷമായ രാജ്യത്ത് ഇത് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ചാരന്മാരാണെന്നും പ്രത്യേക രാഷ്ട്രീയ അജണ്ട മുന്‍ നിര്‍ത്തിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭീകര സംഘടനയായ അല്‍ സഹാബിന്റെ വക്താവ് അലി മുഹമ്മദ് റാഗെയുടെ നിലപാട്. 2009ല്‍ വിദേശ സംഘടനകളുടെ പ്രവര്‍ത്തനം ഇവര്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇതിന് അയവ് വരുത്തിയത്. ഇപ്പോള്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടേത് ഉള്‍പ്പടെ വിവിധ സംഘടനകള്‍ക്ക് ഇനി സൊമാലിയയില്‍ പ്രവര്‍ത്തിക്കാ‍നാവില്ല. കഴിഞ്ഞ ആറ് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും രൂക്ഷമായ ക്ഷാമം നേരിടുന്ന സൊമാലിയന്‍ ജനത ഇപ്പോള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. സൊമാലിയയിലെ ക്ഷാമത്തെക്കുറിച്ചു യുഎന്‍ നടത്തിയതു വ്യാജപ്രചാരണമാണ്. പാശ്ചാത്യ സംഘടനകള്‍ രാഷ്ട്രീയം കളിക്കുകയാണ്. സൊമാലിയയില്‍ വരള്‍ച്ച മാത്രമാണുള്ളത്. ക്ഷാമമാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും റാഗെ പറഞ്ഞു. സൊമാലിയയിലെ ഭൂരിപക്ഷം പ്രദേശങ്ങളുടെ നിയന്ത്രണം അല്‍ സഹാബിനാണ്. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ഒരു ലക്ഷത്തില്‍പരം പേര്‍ സൊമാലിയയില്‍ നിന്നു പലായനം ചെയ്തെന്നു യുഎന്‍ പറഞ്ഞിരുന്നു. രണ്ടു പ്രദേശങ്ങളെ ക്ഷാമമേഖലകളായി യുഎന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.