പകര്‍ച്ചപ്പനി: കേരളത്തിലെ സ്ഥിതി ആശങ്കാജനകമല്ല

Saturday 23 July 2011 12:41 pm IST

തിരുവനന്തപുരം: ജപ്പാന്‍ ജ്വരം അടക്കമുള്ള കേരളത്തിലെ പകര്‍ച്ചപ്പനി ആശങ്കാജനകമല്ലെന്ന് കേന്ദ്ര സംഘം. ആലപ്പുഴ, കൊല്ലം ജില്ലകളിലെ പകര്‍ച്ചപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്ത് ദിവസത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പകര്‍ച്ചവ്യാ‍ധി നിവാരണ കേന്ദ്രം പ്രോഗ്രാം ഡയറക്ടര്‍ ഡോ.വി.കെ റെയ്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തിയത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ കുമാരി ജി.പ്രേം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സംഘം രാവിലെ ചര്‍ച്ച നടത്തി. ഇന്നും നാളെയും കേന്ദ്ര സംഘം ആലപ്പുഴ ജില്ലയിലും തിങ്കളാഴ്ച കൊല്ലത്തും സന്ദര്‍ശനം നടത്തും. ജപ്പാന്‍ ജ്വരത്തെക്കുറിച്ചാണ് സംഘം കൂടുതലും പഠനം നടത്തുന്നത്. ജപ്പാന്‍ ജ്വരം ബാധിച്ച് ആലപ്പുഴയില്‍ രണ്ടു പേരും കൊല്ലത്ത് ഒരാളും മരിച്ചിരുന്നു. ആലപ്പുഴയില്‍ 31 പേര്‍ക്കും കൊല്ലത്ത് നാല് പേര്‍ക്കും രോഗം കണ്ടെത്തി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും കേന്ദ്ര സംഘം സംസ്ഥാന ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഡോ.വി.കെ. റെയ്നയെ കൂടാതെ എന്‍.സി.ഡി.സി ഡപ്യൂട്ടി ഡയറക്റ്റര്‍ ഡോ. നവീന്‍ ഗുപ്ത, ഐ.സി.എം.ആറില്‍ നിന്നു തന്നെയുള്ള ഡോ. പ്രദീപ് ജാന്‍ഡി, സംസ്ഥാനത്ത് നിന്നുള്ള ഡോ. അരുണ്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. രോഗബാധിതരായവരെ നേരില്‍ കാണുന്ന സംഘം അവരുടെ രക്ത സാംപിളുകള്‍ പരിശോധിക്കും. രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കും. രോഗകാരണങ്ങള്‍ കണ്ടെത്തുക, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, ആവശ്യമെങ്കില്‍ സാമ്പത്തിക പാക്കേജിന് ശുപാര്‍ശ ചെയ്യുക എന്നീ കാര്യങ്ങളാണു സമിതി പ്രധാനമായും പരിഗണിക്കുക.