പുല്ലുമേട് ദുരന്തം: സൌകര്യം ഒരുക്കുന്നതില്‍ വകുപ്പുകള്‍ പരാജയപ്പെട്ടു

Saturday 23 July 2011 6:49 pm IST

ഇടുക്കി: 102 അയ്യപ്പഭക്തരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആവശ്യമായ സൌകര്യം ഒരുക്കുന്നതില്‍ പോലീസ്, വനം, റവന്യൂ വകുപ്പുകള്‍ കാണിച്ച അലംഭാവമാണ് അപകടം വലുതാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 14നാണ് പുല്ലുമേട് ദുരന്തം നടന്നത്. മകര വിളക്ക് ദര്‍ശിച്ച ശേഷം സ്വദേശത്തേയ്ക്ക് മടങ്ങാനെത്തിയ അയ്യപ്പന്മാരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. പുല്ലുമേട്ടിലേക്ക് അനിയന്ത്രിതമായി വാഹങ്ങള്‍ കയറ്റി വിട്ടതും ഇവ വഴിയരികില്‍ അശാസ്ത്രീയമായി പാര്‍ക്ക് ചെയ്തതും അപകടത്തിന് പ്രധാന കാരണമായിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ എത്തുമെന്ന് അറിയാമായിരുന്നിട്ടും സ്ഥലത്ത് ആവശ്യത്തിന് വെളിച്ചവും മൈക്ക് സെറ്റും ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് വീഴ്ച വരുത്തി. ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഇത്രയും വര്‍ദ്ധിക്കില്ലായിരുന്നു. വനം വകുപ്പ് റോഡിന് ഇരുവശത്തും കടകള്‍ സ്ഥാപിച്ചത് ഭക്തരുടെ സുഗമമായ ഒഴുക്കിന് തടസമായി. ഒപ്പം തിരക്കില്‍ നിന്നും രക്ഷപ്പെടാനായി കടകളിലേക്ക് കയറിയവരെ ഉടമകള്‍ മര്‍ദ്ദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ചങ്ങല സ്ഥാപിച്ചത് ശരിയായ സ്ഥലത്തല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ചങ്ങലയ്ക്ക് താഴേയ്ക്ക് വഴിയുടെ വീതി വളരെ കുറയുന്ന വിധത്തിലാണ് വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ പാര്‍ക്ക് ചെയ്തിരുന്നത്. കൂടുതല്‍ വാഹനങ്ങള്‍ കടന്നുവരുന്നത് തടയാന്‍ പോലീസോ വനം വകുപ്പോ തയാറായില്ല. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി കെ.ജി സൈമണ്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എ.ഡി.ജി.പിക്ക് കൈമാറും. എ.ഡി.ജി.പി നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാകും അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.