പാലക്കാടിന്‌ ആദ്യ കിരീടം

Friday 7 December 2012 10:24 pm IST

തിരുവനന്തപുരം: അനന്തപുരിയില്‍ ആഞ്ഞുവീശിയ പാലക്കാടന്‍ കരിമ്പനക്കാറ്റിന്‌ മുന്നില്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തിന്‌ അടിതെറ്റി. ഫോട്ടോഫിനിഷിലേക്ക്‌ നീങ്ങിയ 56-ാ‍മത്‌ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 15 പോയിന്റ്‌ വ്യത്യാസത്തില്‍ എറണാകുളത്തെ അട്ടിമറിച്ച്‌ പാലക്കാടിന്റെ കൗമാരതാരങ്ങള്‍ ചരിത്രത്തിലാദ്യമായി ഓവറോള്‍ കിരീടം സ്വന്തമാക്കി. പ്രായവിവാദത്തില്‍ പരസ്പരം വാളോങ്ങി കോതമംഗലം സെന്റ്‌ ജോര്‍ജും മാര്‍ബേസിലും കൂടി നഷ്ടപ്പെടുത്തിയ 32 പോയിന്റാണ്‌ എറണാകുളത്തിന്‌ കിരീടം നഷ്ടപ്പെടുത്തിയത്‌. കായിക പ്രതിഭകളുടെ മികവുകള്‍ കൊണ്ട്‌ സമ്പന്നമായ മേളയില്‍ കിരീട ജില്ലയെ കണ്ടെത്താന്‍ അവസാന ഇനത്തിന്റെ അവസാന ഫലം വരെ കാത്തിരിക്കേണ്ടിവന്നു. പറളി, കല്ലടി, മുണ്ടൂര്‍ സ്കൂളുകളുടെ തോളിലേറിയായിരുന്നു പാലക്കാട്‌ കന്നി കിരീടത്തിലേക്ക്‌ കുതിച്ചത്‌.
28 വീതം സ്വര്‍ണ്ണവും വെള്ളിയും 23 വെങ്കലവും മടക്കം 272 പോയിന്റുമായാണ്‌ പാലക്കാട്‌ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഓവറോള്‍ കിരീടം സ്വന്തമാക്കിയത്‌. 28 സ്വര്‍ണ്ണവും 30 വെള്ളിയും 24 വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന്‌ 257 പോയിന്റും 10 സ്വര്‍ണ്ണവും 8 വെള്ളിയും 8 വെങ്കലവുമടക്കം 84 പോയിന്റുമായി കോഴിക്കോട്‌ മൂന്നാംസ്ഥാനവും സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ കോട്ടയം ജില്ല അഞ്ചാം സ്ഥാനമാണ്‌ സ്വന്തമാക്കിയത്‌.
സ്കൂളുകളില്‍ 13 വീതം സ്വര്‍ണ്ണവും വെള്ളിയും 7 വെങ്കലവുമടക്കം 111 പോയിന്റുമായി കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസ്‌ ഒന്നാമതെത്തി. കഴിഞ്ഞവര്‍ഷം എറണാകുളത്ത്‌ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട സെന്റ്ജോര്‍ജ്‌ ഉജ്ജ്വലമായ തിരിച്ചുവരവാണ്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കില്‍ നടത്തിയത്‌. 12 സ്വര്‍ണ്ണവും 9 വെള്ളിയും 12 വെങ്കലവുമടക്കം 99 പോയിന്റുമായി രണ്ടാമത്‌ മാര്‍ ബേസില്‍ എത്തി. 9 വീതം സ്വര്‍ണ്ണവും വെള്ളിയും നാല്‌ വെങ്കലവുമടക്കം 76 പോയിന്റ്‌ നേടി പാലക്കാട്‌ ജില്ലയിലെ പറളി എച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ കല്ലടി കുമരംപുത്തൂര്‍ എച്ച്‌എസ്‌എസ്‌ 59 പോയിന്റുമായി നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും 4ഃ 400 മീറ്റര്‍ റിലേ മല്‍സരമായിരുന്നു അവസാനമായി നടന്നത്‌. ഇതില്‍ പെണ്‍കുട്ടികളുടെ മത്സരം പൂര്‍ത്തിയായപ്പോള്‍ തന്നെ വെള്ളിനേടി 10 പോയിന്റിന്റെ ലീഡ്‌ പാലക്കാട്‌ നേടി. ഇത്‌ ആണ്‍കുട്ടികളുടെ വിഭാഗത്തിലേക്ക്‌ എത്തിയതോടെ പാലക്കാട്‌ വന്‍ കുതിപ്പ്‌ നടത്തുകയായിരുന്നു. മേള അവസാന ലാപ്‌ കടന്നപ്പോള്‍ പാലക്കാടന്‍ കഠിനാദ്ധ്വാനത്തിന്റെ ഫലമായി അത്‌ മാറി.
സ്കൂള്‍ കിരീടം പിടിക്കാനുള്ള നെട്ടോട്ടത്തില്‍ എറണാകുളം ജില്ലയിലെ വല്യേട്ടന്മാരായ മാര്‍ ബേസിലും സെന്റ്ജോര്‍ജ്ജും പരസ്പരം പാര പണിഞ്ഞത്‌ അവസാന ഘട്ടത്തില്‍ അവര്‍ക്ക്‌ തന്നെ വിനയായി. പ്രായക്കൂടുതലുള്ള താരങ്ങളെ പങ്കെടുപ്പിച്ചതിന്റെ പേരില്‍ മൂന്ന്‌ താരങ്ങളെ അയോഗ്യരാക്കിയതിലൂടെ 32 പോയിന്റുകളായിരുന്നു എറണാകുളം കളഞ്ഞു കുളിച്ചത്‌. കിരീട നിര്‍ണ്ണയത്തിലെ ഫോട്ടോ ഫിനിഷിലേക്ക്‌ കാര്യങ്ങള്‍ എത്തുമ്പോള്‍ 15 പോയിന്റ്‌ മാത്രം വ്യത്യാസത്തിലാണ്‌ കഴിഞ്ഞ എട്ട്‌ വര്‍ഷമായി കുത്തകയാക്കി വെച്ചിരുന്ന കിരീടം എറണാകുളത്തിന്‌ പാലക്കാടിന്‌ നല്‍കേണ്ടിവന്നത്‌.
അവസാനദിവസമായ ഇന്നലെ 9 റെക്കോര്‍ഡുകളാണ്‌ പിറവിയെടുത്തത്‌. ഇതോടെ കഴിഞ്ഞ നാല്‌ ദിവസമായി 23 റെക്കോര്‍ഡുകളാണ്‌ അനന്തപുരിയിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ പിറന്നത്‌. അവസാനദിവസമായ ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സായി തിരുവനന്തപുരത്തിന്റെ ജെനിമോള്‍ ജെയും ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ബേസിലിന്റെ ആതിര മുരളീധരനും 800 മീറ്ററില്‍ ഉഷ സ്കൂളിന്റെ ജെസ്സി ജോസഫും ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കല്ലടിയുടെ ബബിത. സിയും സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം സെന്റ്‌ ജോര്‍ജിന്റെ വിഷ്ണു ഉണ്ണിയും 800 മീറ്ററില്‍ പാലക്കാടിന്റെ ലിജോമാണിയും സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എറണാകുളത്തിന്റെ ശ്രീനിത്ത്‌ മോഹനും 4ഃ 400 മീറ്റര്‍ റിലേയില്‍ ഇടുക്കി ടീമുമാണ്‌ പുതിയ റെക്കോര്‍ഡുകള്‍ക്ക്‌ അവകാശികളായത്‌.
>> വിനോദ്‌ ദാമോദരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.