മൂവാറ്റുപുഴ ഉപജില്ലാ കലോത്സവം: വീട്ടൂര്‍ എബനേസര്‍ ജേതാക്കള്‍

Friday 7 December 2012 10:27 pm IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ കലോത്സവത്തില്‍ വീട്ടൂര്‍ എബനേസര്‍ ഹൈസ്കൂള്‍ ജേതാക്കളായി. ഹൈസ്കൂള്‍ വിഭാഗത്തിലും യുപി വിഭാഗത്തിലും ചാമ്പ്യന്‍മാരായാണ്‌ എബനേസര്‍ ഓവറോള്‍ നേടിയത്‌. യുപി വിഭാഗത്തില്‍ മൂവാറ്റുപുഴ സെന്റ്‌ അഗസ്റ്റിന്‍സ്‌ ഒന്നാം സ്ഥാനം പങ്കിട്ടു. 164 പോയിന്റോടെയാണ്‌ എബനേസര്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാമ്പ്യനായത്‌. 154 പോയിന്റോടെ സെന്റ്‌ അഗസ്റ്റിനാണ്‌ രണ്ടാമത്‌.
യുപി വിഭാഗത്തില്‍ ജേതാക്കളായ വീട്ടുര്‍ എബനേസറും സെന്റ്‌ അഗസ്റ്റിനും 74 പോയിന്റ്‌ വീതം നേടി. രണ്ടാം സ്ഥാനക്കാരായ വാളകം മാര്‍ സ്റ്റീഫന്‌ 67 പോയിന്റുണ്ട്‌.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂവാറ്റുപുഴ എസ്‌എന്‍ഡിപി എച്ച്‌എസ്‌എസ്‌ 111 പോയിന്റോടെ ചാമ്പ്യന്മാരായി. മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ 85 പോയിന്റോടെ രണ്ടാമതെത്തി.
എല്‍പി വിഭാഗത്തില്‍ മൂവാറ്റുപുഴ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂള്‍ ചാമ്പ്യന്‍മാരായി. നിര്‍മല ജൂനിയര്‍ സ്കൂളും ആരക്കുഴ സെന്റ്‌ ജോസഫും രണ്ടാം സ്ഥാനം പങ്കിട്ടു. അറബി സാഹിത്യോത്സവത്തില്‍ കാവുങ്കര തര്‍ബിയത്ത്‌ എന്‍എസ്‌എസ്‌ ഹൈസ്കൂള്‍ വിഭാഗത്തിലും മൂവാറ്റുപുഴ എംഐഇടി യുപി വിഭാഗത്തിലും പറമ്പഞ്ചേരി സെന്റ്‌ സ്റ്റീഫന്‍സ്‌, പുന്നമറ്റം എംഇഎസ്‌, മൂവാറ്റുപുഴ കെഎംഎല്‍പിഎസ്‌ എന്നിവ എല്‍പി വിഭാഗത്തിലും ചാമ്പ്യന്മാരായി.
സംസ്കൃതോത്സവത്തില്‍ മൂവാറ്റുപുഴ കടാതി വിവേകാനന്ദ വിദ്യാലയം യുപി, എച്ച്‌ എസ്‌ വിഭാഗത്തില്‍ ജേതാക്കളായി. മണ്ണൂര്‍ എന്‍എസ്‌എസ്‌, യുപി വിഭാഗത്തിലും എസ്‌എന്‍ഡിപി എച്ച്‌എസ്‌എസ്‌ ഹൈസ്കൂള്‍ വിഭാഗത്തിലും രണ്ടാം സ്ഥാനക്കാരായി. 49 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ്‌ വീട്ടൂര്‍ എബനേസര്‍ സ്കൂള്‍ കലോത്സവ വേദിയാകുന്നതും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്നതും.
സമാപന സമ്മേളനം മഴുവന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.സോമന്‍ ഉദ്ഘാടനം ചെയ്തു. ഉപസമിതി ചെയര്‍മാന്‍ എം.ടി.തങ്കച്ചന്‍ അദ്ധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി.കെ.ഷാജി, എഇഒ കെ.ജി.പ്രിയംവദ, പിടിഎ പ്രസിഡന്റ്‌ എം.പി.സുഭാഷ്‌, പ്രധാനാധ്യാപകന്‍ ജി.സുരേഷ്‌, പ്രോഗ്രാം കണ്‍വീനര്‍ പ്രീജിത്‌ ഒ.കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.