ഗോപി കോട്ടമുറിക്കലിന്റെ സ്വഭാവദൂഷ്യം സംസ്ഥാനകമ്മിറ്റിക്ക് വിട്ടു

Saturday 23 July 2011 5:07 pm IST

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്നുണ്ടായ പരാതി സംസ്ഥാന കമ്മിറ്റിക്ക്‌ വിട്ടു. വിഷയം ജില്ലാ സെക്രട്ടറിയേറ്റ്‌ അടിയന്തര യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗോപി കോട്ടമുറിക്കലിന് സ്വഭാവ ദൂഷ്യമുണ്ടെന്ന പരാതി സംസ്ഥാന സെക്രട്ടറിക്കും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുമാണ് ലഭിച്ചത്. പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പരാതിയെക്കുറിച്ച് ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ ഒരു വിഭാഗം നേതാവിനെതിരെ നടപടി ആവശ്യപ്പെട്ടു. യോഗ തീരുമാനങ്ങള്‍ തിങ്കളാഴ്ച നടക്കുന്ന ജില്ലകമ്മിറ്റി യോഗത്തിലും ചര്‍ച്ച ചെയ്യും.