സന്നിധാനത്ത്‌ പാത്രങ്ങള്‍ക്ക്‌ പൊള്ളുന്ന വില ഈടാക്കുന്നു

Saturday 8 December 2012 9:52 pm IST

ശബരിമല: സന്നിധാനത്ത്‌ പാത്രങ്ങള്‍ക്ക്‌ പൊള്ളുന്ന വില ഈടാക്കുന്നതായി വ്യാപകുരാതി ഉയരുന്നു. വിപണിയില്‍ 350 രൂപ വിലയുള്ള ഒരു സ്റ്റീല്‍ കുടത്തിന്‌ സന്നിധാനത്ത്‌ 900വും 20 രൂപയുടെ സ്റ്റീല്‍ മൊന്തയ്ക്ക്്‌ 70 രൂപയുമാണ്‌ വില.തമിഴ്‌നാട്ടില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ പാത്രങ്ങളാണ്‌ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്‌. കണ്ടാല്‍ സ്റ്റീല്‍ എന്ന്‌ തോന്നിക്കുന്ന നിലവാരം ഇല്ലാത്ത മെറ്റിരിയലുകള്‍ കൊണ്ടാണ്‌ പാത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. തീര്‍ത്തും കനവും ഇല്ല. മെറ്റീരിയലുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചവയായതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. വില നിയന്ത്രിക്കാനോ നിശ്ചയിക്കാനോ അധികൃതരാരും തയ്യാറുമല്ല. മുന്‍ വര്‍ഷങ്ങളില്‍ കച്ചവട സ്ഥാപനങ്ങളിലും മറ്റും അധികൃതര്‍ പരിശോധന നടത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. ഇതാണ്‌ കച്ചവടക്കാര്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യാന്‍ പ്രധാന കാരണം. നെയ്യഭിഷേകത്തിനുള്ള പാത്രങ്ങളാണ്‌ തീര്‍ത്ഥാടകര്‍ പ്രധാനമായും കച്ചവടക്കാരില്‍ നിന്നും വാങ്ങുന്നത്‌. ശീതള പാനീയങ്ങള്‍ക്കും അമിത വിലയാണ്‌ ഈടാക്കുന്നത്‌. പമ്പയില്‍ ആളുംതരവും നോക്കിയാണ്‌ വിലയിടുന്നത്‌. 12 രൂപയുടെ മിനറല്‍ വാട്ടറിന്‌ 17 രൂപയും 20 രൂപയുടെ ശീതള പാനീയത്തിന്‌ 35 രൂപയുമാണ്‌ വാങ്ങുന്നത്‌. ദേവസ്വം ബോര്‍ഡും കച്ചവടക്കാരും ചേര്‍ന്ന്‌ തീര്‍ത്ഥാടകരെ ശരിക്കും കൊള്ളയടിക്കുകയാണെന്ന ആരോപണം ശക്തമാണ്‌. ആഹാര പദാര്‍ത്ഥങ്ങള്‍ക്ക്‌ കളക്ടറുടെ നേതൃത്വത്തില്‍ വില നിശ്ചയിട്ടിട്ടുണ്ടെങ്കിലും അമിത വില തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഹോട്ടലുകളിലാകട്ടെ വില വിവരപ്പട്ടിക സ്ഥാപിച്ചിരിക്കുന്നത്‌ കാണാവുന്നതരത്തിലുമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.