പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Tuesday 11 December 2012 12:47 pm IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ വിജിലന്‍സിനെ ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പതിനൊന്നരയോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗിക്കുന്നുവെന്ന് ഹൈക്കോടതിക്ക് പോലും ബോധ്യമായെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭൂമിദാനക്കേസില്‍ കോടതിവിധി വന്നതോടെ സര്‍ക്കാര്‍ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ്. സിംഗിള്‍ ബഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്നും കോടിയേരി ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും സർക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.